തിരുവനന്തപുരം: മനുഷ്യാവകാശങ്ങള്‍ സര്‍ക്കാരിനോ നിയമനിര്‍മ്മാണ സഭകള്‍ക്കോ കവര്‍ന്നെടുക്കാന്‍ കഴിയുന്നതല്ലെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി. സ്കൂള്‍ പാഠ്യപദ്ധതിയില്‍ മനുഷ്യാവകാശ സംരക്ഷണം ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം പാളയം അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂളിലും വീട്ടിലും മനുഷ്യാവകാശ ബോധവല്‍ക്കരണം നടത്തിയാല്‍ മനുഷ്യാവകാശലംഘനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കും. ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ കുടുംബം ക്രിയാത്മകമായ പങ്ക് വഹിക്കുന്നു. മറ്റുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ പിന്നീടും മനുഷ്യാവകാശങ്ങള്‍ ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിക്കും. മനുഷ്യാവകാശങ്ങള്‍ ഭരണഘടനാപരമായ അവകാശങ്ങളാണ്. സര്‍ക്കാരിനോ നിയമനിര്‍മ്മാണ സഭകള്‍ക്കോ കവര്‍ന്നെടുക്കാന്‍ കഴിയുന്നതല്ല അവ. മനുഷ്യാവകാശങ്ങള്‍ നിയമനിര്‍മ്മാണം വഴി സ്ഥാപിക്കപ്പെട്ടതല്ല. അത് പ്രകൃതിദത്തമാണ്. മനുഷ്യാവകാശ നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടും പലരും തങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ കുറിച്ച് അജ്ഞരാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഇല്ലാതാക്കാന്‍ ബോധവത്കരണത്തിന് കഴിയും. മനുഷ്യാവകാശ ലംഘനങ്ങള്‍ ചോദ്യം ചെയ്യാനുള്ള ആര്‍ജവം മനുഷ്യാവകാശ പ്രചാരണങ്ങള്‍ വഴി സാധ്യമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ കമ്മിഷന് ആക്റ്റിങ് ചെയര്‍പേഴ്സണ്‍ കെ. ബൈജൂനാഥ് അധ്യക്ഷനായി. മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിജ്ഞയെടുത്തു. മനുഷ്യാവകാശ കമ്മിഷന് അംഗം വി.കെ. ബീനാകുമാരി നിയമ സെക്രട്ടറി കെ.ജി. സനല്‍കുമാര്‍, സഹകരണ ട്രിബ്യൂണല്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥന്, മനുഷ്യാവകാശ കമ്മിഷന് ചീഫ് ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസര്‍ പി. പ്രകാശ്, മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, കമ്മിഷന് സെക്രട്ടറി എസ്.എച്ച്. ജയകേശന്‍, രജിസ്ട്രാര്‍ എസ്. വി. അമൃത തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: