മുംബൈ: അദാനി ഗ്രൂപ്പിനെതിരെ അമേരിക്കയിലെ ഷോര്ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്ഡന്ബര്ഗ് നടത്തിയ സാമ്പത്തിക ആരോപണത്തില് കഴമ്പില്ലെന്ന് യുഎസ് സര്ക്കാരിന്റെ ഭാഗമായ ഡിഎഫ് സി. വികസനത്തിന് ധനസഹായം നല്കുന്ന സ്ഥാപനമാണ് ഡിഎഫ് സി അഥവാ ഡവലപ്മെന്റ് ഫിനാന്സ് കോര്പറേഷന്.
ചൈനയെ വെല്ലുവിളിച്ച് ശ്രീലങ്കയില് അദാനി ഗ്രൂപ്പിന് കണ്ടെയ്നര് ടെര്മിനല് പണിയാന് 55.31കോടി ഡോളര് ധനസഹായം ഡിഎഫ് സി നല്കിയിരുന്നു. അദാനി ഗ്രൂപ്പിനെക്കുറിച്ചും ഹിന്ഡന്ബര്ഗ് റിപ്പോര്ട്ടിനെക്കുറിച്ചും വിശദമായി അന്വേഷിച്ച് ആരോപണത്തില് കഴമ്പില്ലെന്ന് മനസ്സിലാക്കിയതിനെ തുടര്ന്നാണ് ഡിഎഫ് സി ഇത്രയും തുക മുടക്കിയത്. ഓഹരികളുടെ വില അദാനി 85ശതമാനത്തോളം പെരുപ്പിച്ച് കാണിച്ചിരിക്കുകയാണെന്നും നിക്ഷേപത്തിന് നികുതിയില്ലാത്ത രാജ്യങ്ങളിലെ കടലാസുകമ്പനികളെ ഉപയോഗിച്ചെന്നും ആരോപണങ്ങളുണ്ടായിരുന്നു. ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉള്പ്പെട്ട കൂട്ടുകുടുംബവ്യാവസായത്തെ കൃത്രിമകണക്കുകളിലൂടെ രാജ്യത്തെ തന്നെ വന് കോര്പറേറ്റ് സാമ്രാജ്യമായി ഉയര്ത്തിയെന്നാണ് ഹിന്ഡെന്ബെര്ഗിന്റെ മറ്റൊരുആരോപണം. ഇതിലൊന്നും വലിയ കഴമ്പില്ലെന്ന് ഡിഎഫ് സി അന്വേഷണത്തില് കണ്ടെത്തിയതിനെ തുടര്ന്നാണ് അവര് ശ്രീലങ്കയില് അദാനിയുടെ സംരംഭത്തില് 55.31 കോടി ഡോളര് മുടക്കിയത്. ചൈനയുടെ കണ്ടെയ്നറിനെ വെല്ലുവിളിച്ചാണ് ഇവിടെ അദാനി കണ്ടെയ്നര് ടെര്മിനല് തുറന്നതെന്നതും ശ്രദ്ധേയമാണ്. ചൈനയ്ക്കെതിരായ ആഗോള നയതന്ത്രനീക്കത്തിന്റെ ഭാഗം കൂടിയാണ് ഈ നിക്ഷേപം.
ഡിഎഫ് സി അദാനി ഗ്രൂപ്പിന് പച്ചക്കൊടി വീശിയതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവിലകള് കുതിച്ചുയരുകയാണ്. അദാനി കമ്പനികളുടെ വിപണിമൂല്യം ഉയര്ന്നതോടെ അദാനി ലോകത്തിലെ 16ാമത്തെ സമ്പന്നനായി ബ്ലൂംബര്ഗിന്റെ സമ്പന്നരുടെ പട്ടികയില് തിരിച്ചെത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ആഴ്ച അദാനിയുടെ ആസ്തി 7020 കോടി ഡോളറായി (5.85 ലക്ഷം കോടി രൂപ) ഉയര്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: