വക്കുടഞ്ഞ് ആഴിയില്‍
വീഴുന്ന സൂര്യന്റെ
സങ്കടപ്പെട്ടിയില്‍ നിന്നും
അന്തിയിറങ്ങിവ-
ന്നമ്പരപ്പെട്ടിട്ടു
നിസ്സംഗയായി ചിരിച്ചു.
സന്ധ്യ കടല്ക്കര
തേകി,യിരുട്ടിന്റെ
നൊമ്പരപ്പാട്ടുകള്‍ കേട്ടു.
കാഴ്ചകള്‍ വറ്റിയ
പകലിന് പ്രതീക്ഷ
ആറിത്തണുത്ത പോലായി.
പക്ഷികള്‍ മീട്ടുന്ന
പാട്ടിന്റെയീണങ്ങള്‍
നക്കിത്തുടയ്ക്കുന്നു രാത്രി.
ഒരു കീറ് കാറ്റുവ-
ന്നുമ്മവച്ചക്കരെ
പാറുന്നതിന്തൊട്ടുമുമ്പ്
തെങ്ങിന്തലപ്പിന്റെ
നോട്ടത്തിലൊക്കെയും
ചാറുമ്പോള്‍ നീറുന്ന മൗനം.
ഓര്‍മകള്‍ പെയ്യവേ
ഓരോ മറവിയും
കാറ്റത്തിറങ്ങിയോടുന്നു.
കാട്ടുമരങ്ങളില്‍
ചെന്നിരിക്കുന്നവ
കാടിന്നപാരതയായി.
പടമൂരിയെത്തുന്ന
ഇരുളിന്റെ പാമ്പുകള്‍
കാഴ്ചക്കയങ്ങളിലെത്തും.
സിരയില്‍ കറുപ്പു
കലര്‍ത്തും അതുകണ്ട്
പേടിച്ചു പെട്ടെന്നു ഞെട്ടും.
കടലില്‍ തിരകള്‍
പൊട്ടിയചോക്കു കൊ-
ണ്ടറിയാത്തഭാഷകള്കോറും?
അറ്റവും മൂലയു-
മില്ലാത്ത വാക്കുക
ണ്ടൊട്ടൊരു വിസ്മയം
കൂറും.
എല്ലാം മനസ്സിലാ-
യെന്നൊരു തോന്നലില്‍
ഡസ്റ്റര്‍ കരയങ്ങെടുക്കും,
ക്ലാസ്സ് വിടാനെത്തുന്ന
ബല്ലായി സൂര്യനോ
ചാരെ നിറഞ്ഞു നിന്നീടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: