ചിറ്റൂര്‍: കശ്മീരില്‍ വിനോദയാത്രയ്‌ക്കിടെ വാഹനാപകടത്തില്‍ മരിച്ച നാല് യുവാക്കള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. ചിറ്റൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം മന്തക്കാട് ശ്മശാനത്തിലായിരുന്നു സംസ്‌കാരം.
നെടുങ്ങോട് സ്വദേശികളായ ആര്‍. അനില്‍ (34), എസ്. സുധീഷ് (32), കെ. രാഹുല്‍ (28), എസ്. വിഘ്നേഷ് (22) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ നാലുപേരുടെയും മൃതദേഹങ്ങള്‍ കൊച്ചി നെടുമ്പാശ്ശേരിയിലും പിന്നീട് ചിറ്റൂരിലും എത്തിച്ചു. നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക ആംബുലന്‍സിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്.
കൂലിപ്പണി ചെയ്തും ചിട്ടി പിടിച്ചും കിട്ടുന്ന തുക ചേര്‍ത്തുവച്ചാണ് ഇവര്‍ വര്‍ഷാന്ത്യത്തില്‍ യാത്ര പോയിരുന്നത്. ഇത്തവണ മൂന്നരലക്ഷം രൂപയാണ് സ്വരൂപിച്ചത്. കശ്മീരില്‍ പോയി വരുമ്പോള്‍ ആപ്പിള്‍ കൊണ്ടുവരാമെന്ന് അയല്‍വാസികളോടൊക്കെ പറഞ്ഞ് പോയവരുടെ അന്ത്യയാത്ര നാട്ടുകാര്‍ക്ക്് തീരാനൊമ്പരമായി. യാത്രകളായിരുന്നു ഇവരുടെ ഹരം.
ഗുരുതരാവസ്ഥയിലുള്ള മനോജിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. മനോജ് നിലവില്‍ കശ്മീരില്‍ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. വിനോദയാത്ര സംഘത്തില്‍ 13 പേരായിരുന്നു ഉണ്ടായിരുന്നത്. ഡിസംബര്‍ അഞ്ചിനായിരുന്നു അപകടം.
സോനമാര്‍ഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡില്‍ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുക ആയിരുന്നു. ശ്രീനഗര്‍ ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ മാസം 30ന് ട്രെയിന്‍ മാര്‍ഗമാണ് 13 അംഗ സംഘം കശ്മീരിലേക്ക് യാത്രപുറപ്പെട്ടത്.
രാഹുലിന്റെ ഭാര്യ ഏഴു മാസം ഗര്‍ഭിണിയാണ്. അനിലിന്റെ രണ്ടാമത്തെ കുഞ്ഞിന് 56 ദിവസം മാത്രമാണ് പ്രായം. സുധീഷ് ഏതാനും മാസം മുമ്പാണ് വിവാഹിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: