ന്യൂദല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയത്തിനു ശേഷം ആദ്യമായി ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലേക്കു പ്രധാനമന്ത്രി വന്നപ്പോള്‍ എംപിമാര്‍ ‘മോദിജി, മോദിജി’ വിളികളോടെ അദ്ദേഹത്തെ സ്വാഗതം ചെയ്തു. ‘മോദിജി’ എന്നോ ‘ആദരണീയ മോദിജി’ എന്നോ വിളിക്കരുതെന്ന നിര്‍ദേശവുമായാണ് പ്രധാനമന്ത്രി ഇതിനോടു പ്രതികരിച്ചത്. ഇത്തരം വിശേഷണങ്ങള്‍ ജനങ്ങളില്‍ ഞാനുമായി അകല്‍ച്ചയുണ്ടാക്കും. ഞാന്‍ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനാണ്. ജനങ്ങള്‍ എന്നെ അവരുടെ കുടുംബാംഗമായാണ് കാണുന്നത്. ആളുകള്‍ അവരിലൊരാളായും മോദിയായും കരുതുന്നു. അതുകൊണ്ട് ‘ശ്രീ, ആദരണീയ’ പോലുള്ള വിശേഷണങ്ങള്‍ ചേര്‍ക്കരുത്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ വിജയത്തിനു കാരണം എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനമാണ്. പാര്‍ട്ടിയുടെ തുടക്കം മുതല്‍ ഇന്നുവരെയുള്ള എല്ലാ നേതാക്കളുടെയും പ്രവര്‍ത്തനത്തിന്റെ പ്രതിഫലനമാണിത്. ബിജെപി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടുന്നത് 57% ആണ്. കോണ്‍ഗ്രസിനിത് 20% ആണ്. പ്രാദേശിക പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ഇത് 49% ആണ്. 59% ബിജെപി മൂന്നാമതും തെരഞ്ഞെടുക്കപ്പെടുന്നു. കോണ്‍ഗ്രസിനിത് പൂജ്യമാണ്, അദ്ദേഹം തുടര്‍ന്നു.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പ്രധാനമന്ത്രിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭാ കക്ഷി നേതാവ് പിയൂഷ് ഗോയല്‍, നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ള മറ്റു കേന്ദ്ര മന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശഭരിതരാണെന്ന് യോഗത്തിനുശേഷം പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: