അറിവിന്റെ ഒരു വിളക്കുമാടം തന്നെ ആയിരുന്ന രാമാനന്ദന്‍ ആചാര്യപദവി വഹിച്ചുകൊണ്ട് ശങ്കരോപജ്ഞ മായ വേദാന്ത ദര്‍ശനത്തില്‍ ശിഷ്യന്മാര്ക്ക് ശിക്ഷണം നല്കി തന്റെ പക്കലുള്ള രാമകഥ അദൈ്വത തത്ത്വങ്ങളുടെ പ്രതീകപരമായും ഈശ്വരാവതാരപരമായും വ്യാഖ്യാനിച്ച് ജനങ്ങളെ കേള്‍പ്പിച്ചു. ഈശ്വരന്റെ നിര്‍ഗ്ഗുണത്വവും സഗുണത്വവും ഭഗവാന്റെ അന്യോന്യവിരുദ്ധങ്ങളായ രണ്ടുരൂപമോ ഭാവമോ അല്ല, മറിച്ച് ഭഗവാന്റെ രണ്ടു അവസ്ഥകളുടെ സൂചകങ്ങള്‍ മാത്രമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഏതുതരത്തിലുള്ള ഉപാസനയും വിഹിതമാണെന്നും അദ്ദേഹം സ്വശിഷ്യന്മാരെ ഉപദേശിച്ചു.
കൂടാതെ ഉമാമഹേശ്വര സംവാദരൂപമായി രാമകഥപ്രചരിപ്പിച്ച് ശൈവരും വൈഷ്ണവരും തമ്മിലുള്ള കലഹത്തിനും വിരാമമിട്ടു. അദ്ദേഹത്തിന്റെ ശിഷ്യരും പ്രശിഷ്യരുമായി അനേകം കവികള്‍ ജനങ്ങളുടെ സാംസ്കാരിക ജിവിതത്തിനാകെ സ്ഥായിയായ നേതൃത്വം നല്കി. ആ കവികളില്‍ മഹാനായ തുളസീദാസന് പ്രധാനിയായിരുന്നു. അദ്ദേഹത്തിന്റെ ‘രാമചരിതമാനസം’ എന്ന വിശ്വോത്തരമായ മഹാകാവ്യം: ‘നാനാപുരാണ നിഗമാഗമ’ങ്ങളുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെ ട്ടതാണെങ്കിലും പ്രധാനമായി അദ്ധ്യാത്മരാമായണത്തെത്തന്നെയാണ് ഉപജീവ്യമാക്കിയിരുന്നത്. കാലാതിവര്‍ത്തിയായ സാംസ്കാരിക പ്രചുരിമ പുലര്‍ത്തുന്ന ആ മഹാഗ്രന്ഥം ഉത്തരഭാരതത്തിലെ മനുഷ്യജീവിതത്തിന് മാര്ഗപ്രദീപമായി ഇന്നും പ്രശോഭിക്കുന്നു. ഭക്തിയുടെ ലോലമായ വള്ളിപടര്‍ന്നു കയറണമെങ്കില്‍ അതിന് ദര്‍ശനത്തിന്റെ ഉറപ്പുള്ള മരത്തിന്റെ താങ്ങ് വേണം. ഇത് മനസ്സിലാക്കിയിരുന്ന തുളസീദാസന് അദ്ധ്യാത്മരാമായണത്തിലെ അദൈ്വതദര്‍ശനം തന്റെ ഭക്തിയുടെ വികാസത്തിന് സന്ദര്‍ഭാനുരോധേന ഔചിത്യപൂര്‍വ്വം ഉപയോഗിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കവിതയ്ക്ക് വിശേഷിച്ചും ‘മാനസ’ത്തിന് സാര്‍വ്വത്രിക മായ അംഗീകാരവും ഭക്തികാവ്യങ്ങളില്‍ അഭ്യര്‍ഹിതമായ സ്ഥാനവും ലഭിക്കാന്‍ കാരണമായി.
ഭക്തിആന്ദോളനവും കേരളവും
ഉത്തരഭാരതത്തില്‍ മഹാകവി തുളസീദാസനും മറ്റും ജന്മം നല്കിയ ഭക്തി ആന്ദോളനത്തിന്റെ കാലമായ പതിനഞ്ചാം നൂറ്റാണ്ടില്‍ തന്നെയാണ് ഇങ്ങു കേരളത്തിലും ഭക്തിഭാവനയുടെ വിശേഷിച്ചും രാമഭക്തിഭാവനയുടെ അഭൂതപൂര്‍വ്വമായ വേലിയേറ്റത്തില്‍ മലയാളനാടിന്റെ മസ്തിഷ്കവും മനസ്സും തണുത്തുതളിരിട്ടത്. മലയാള ഭാഷയുടെ പിതൃസ്ഥാനീയനായ രാമാനുജന് എഴുത്തച്ഛ നിലും മറ്റും ശ്രീരാമഭക്തി ഒരു കാവ്യാനുഭൂതിയായി വളര്‍ന്നതും ആ കാലത്തുതന്നെയാണ്. എഴുത്തച്ഛന്റെയും അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന് ആധാരമായത് സംസ്കൃതത്തിലെ അദ്ധ്യാത്മരാമായണം തന്നെയാണ്. പതിനഞ്ചാംനൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തിലാണ് എഴുത്തച്ഛന് സാഹിതീസേവനം നടത്തിയിരുന്നതെങ്കില്‍ തുളസീദാസന്റെ കാവ്യസാധനാകാലം ആ നൂറ്റാണ്ടിന്റെ തന്നെ ഉത്തരാര്ദ്ധമായിരുന്നു. രണ്ടുപേരും താന്താങ്ങളുടെ ഭക്തി ഭാവനയ്ക്കും രാമകാവ്യരചനയ്ക്കും പ്രമുഖാവലംബമായി കരുതിയിരുന്നത് അദ്ധ്യാത്മരാമായണത്തെ ആയിരുന്നു. ആ കാവ്യമാണെങ്കില്‍ ദാര്ശികമായും കഥാപരമായും ഒട്ടനവധിപ്രത്യേകതകള് ഉള്ളതാനുതാനും.
രാമാനന്ദന്റെ ജന്മദേശം: കേരളം
അദ്ധ്യാത്മരാമായണ (മൂലം) ത്തിന്റെ കത്തൃത്വത്തെപ്പറ്റി വ്യാപകമായ പഠനം നടത്തിയിട്ടുള്ള പണ്ഡിതനായ ഡോ. രാമചന്ദ്രദേവ് ആ കാവ്യം 16ാം ശതകത്തിനുമുമ്പ് തെക്കേ ഇന്ത്യ യില്‍ രചിക്കപ്പെട്ടതാണെന്ന് അഭിപ്രായത്തെ ബലപ്പെടുത്തുന്നു. എന്നു രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിലും കാശിയിലും രണ്ടിടത്തും ഒരേ അദ്ധ്യാത്മരാമായണമാണ് പ്രചരിപ്പിക്കപ്പെട്ടതെന്നുള്ളതും അതു രാമാനന്ദന്‍ ദക്ഷിണ ഭാരതത്തില്‍ നിന്ന് കാശിയില്‍ കൊണ്ടു ചെന്നതുമുതല്ക്കാണെന്നുള്ളതും ഒരുകാര്യം വൃ ക്തമാക്കുന്നു. അത് കേരളത്തിലെവിടെയോ വെച്ച് ഏതോ അദൈ്വത മതാനുഗാമിയായ ഒരു മഹാനുഭാവനാലോ സ്വയം രാമാനന്ദനാ ലോ തന്നെ രചിക്കപ്പെട്ട കാവ്യമാണെന്നുള്ളതാണ്.
ഭക്തിദ്രാവിഡ ദേശത്തില്‍ ഉത്പന്നമായതാണെന്നും അത് അവിടേയ്ക്ക് കൊണ്ടു ചെന്നത് രാമാനന്ദനാണെന്നും ഉള്ള വിശ്വാസമല്ലാതെ രാമാനന്ദ സ്വാമിയെപ്പറ്റി പ്രാമാണികമായ മറ്റൊരു അറിവും വടക്കുള്ള സാഹി ത്യഗവേഷകന്മാര്ക്കാര്ക്കും ഇല്ല. എന്നാല്‍ അവര്‍ എല്ലാവരുംതന്നെ രാമാനന്ദയോഗി ദീര്‍ഘകാലം (118 വര്‍ഷം അഥവാ ‘ബഹുത് കാല് വാപു ധാരി’) ജീവിച്ചിരുന്നു എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഡോ. ആര്.ജി.ഭണ്ഡാര്‍ക്കര്‍, ഡോ.ജോര്ജ്ഗ്രിയര്സന്, ഡോ.എഫ്.എം. കീസാഹിബ്, ആചാര്യ രാമചന്ദ്ര ശുക്ല് തുടങ്ങിയ വിദ്വാന്മാര് രാമാനന്ദന്റെ ജീവിതകാലം വിക്രമസംവത് (വിക്രമാബ്ദം ശകാബ്ദം) 1413നും 1505നും ഇടയ്ക്ക് ആയിരുന്നിരിക്കാമെന്ന് അഭ്യൂഹിക്കുന്നു. അതായത് വിക്രമാബ്ദം 15ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ (ക്രിസ്ത്വബ്ദം 15ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍) രാമാനന്ദ സ്വാമി കാശി പ്രദേശത്തെ അലങ്കരിച്ചിരുന്നതായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. (വിദ്വാന്മാരുടെ ഈ അഭിപ്രായം ചില ബഹിഃ സാക്ഷ്യങ്ങളുടെ വെളിച്ചത്തിലാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെങ്കിലും ഏറിയകൂറും ആനുമാനികമെന്നേ പറയാനാകൂ. അവ അകാട്യങ്ങളായ യുക്തിതര്ക്കങ്ങള് കൊണ്ടു പുഷ്ടിപ്പെടുത്തുവാന്‍ ഇതേ വരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നിരിക്കിലും ഭൂരിപക്ഷം അഭിജ്ഞന്മാരുടെ ഈ നിഗമനത്തെ സ്വീകരിക്കുക മാത്രമേ നമുക്ക് തല്ക്കാലം നിര്‍വ്വാഹമുള്ളൂ).
രാമാനന്ദന്റെ ജന്മദേശത്തെപ്പറ്റിയും വ്യക്തമായ ഒരു ധാരണയുമില്ല. ചിലര്‍ അദ്ദേഹം പ്രയാഗില്‍നിന്ന് കാശിയിലേയ്ക്ക് വന്നതാണെന്നും മറ്റു ചിലര്‍ മഹാരാഷ്ട്രത്തില്‍ നിന്നായിരിക്കാം കാശിയിലേയ്ക്കു വന്നതെന്നും അനുമാനിക്കുന്നു. കൂടെത്തന്നെ മറ്റുചിലര്‍ അദ്ദേഹത്തെ ആന്ധ്രദേശീയനായും വേറെ ചിലര്‍ കര്‍ണ്ണാടകമാണ് അദ്ദേഹത്തിന്റെ ജന്മദേശമെന്നും അഭിപ്രായപ്പെടുന്നു. എന്നാല്‍ അദ്ദേഹം കേരളീയനായിരിക്കാന് സാദ്ധ്യതയുണ്ടെന്നു പോലും ആരും അനുമാനിച്ചു കാണാത്തതില്‍ ഏറെ ആശ്ചര്യമുണ്ട്. പ്രത്യേകിച്ചും അന്വേഷിച്ചു ചെല്ലുമ്പോള്‍ മറ്റെങ്ങുനിന്നും ലഭ്യമല്ലാത്ത ചില വ്യക്തമായതും അതുകൊണ്ടുതന്നെ അനുപേക്ഷ്യങ്ങളുമായ തെളിവുകള്‍ സമാഹരിക്കാന്‍ സാധിക്കുന്ന നിലയില്‍ നമ്മുടെ സാഹിത്യ ചരിത്ര ഗവേഷണകുശലനായ മഹാകവി ഉള്ളൂര്‍ പോലും ‘ഔത്തരാഹനായ രാമനന്ദന്‍’ എന്നു മാത്രം പറഞ്ഞുകൊണ്ട് ഈ വിഷയത്തിലേയ്ക്ക് കടക്കാതിരിക്കുകയാണ് ചെയ്തിരിക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: