മധുര(തമിഴ്‌നാട്): ക്ഷേത്രക്കുളം പിടിച്ചെടുത്ത് നെല്ല് സംഭരണ കേന്ദ്രത്തിന്റെ ഭാഗമാക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കങ്ങള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവ്.
തഞ്ചാവൂര്‍ ജില്ലയിലെ ഒറത്തനാടിന് സമീപം കോവില്‍ കുളക്കരയില്‍ നെല്ല് സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കം കളക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. അതുവരെ തത്സ്ഥിതി തുടരണം. തെലങ്കാനഗുഡി സ്വദേശി രാമലിംഗസാമി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.
ബളമ്പുത്തൂര്‍ ബുഡ്ഗഡു മുത്തുമാരിയമ്മന്‍ ക്ഷേത്രം സര്‍ക്കാരിന്റെ ചാരിറ്റീസ് വകുപ്പിന്റെ നിയന്ത്രണത്തിലാണ്. പുഡൂര്‍, ഭൂവത്തര്‍, നെടുവക്കോട്ടൈ തുടങ്ങി 12 ഗ്രാമങ്ങളിലെ ജനങ്ങളാണ് ഈ ക്ഷേത്രത്തില്‍ ആരാധനയ്‌ക്കെത്തുന്നത്.
ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള കുളത്തില്‍ സ്‌നാനം ചെയ്തതിന് ശേഷമാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്. എന്നാല്‍ ഇത് തടഞ്ഞുകൊണ്ടാണ് കുളത്തിന്റെ കരകള്‍ കൈയേറി സ്റ്റാലിന്‍ സര്‍ക്കാര്‍ നേരിട്ടുള്ള നെല്ലു സംഭരണ കേന്ദ്രം സ്ഥാപിക്കുന്നത്.
ഇക്കാര്യത്തില്‍ ഗ്രാമവാസികളുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തിയില്ല. നെല്ല് വൃത്തിയാക്കുന്ന യന്ത്രങ്ങള്‍ വഴി കുളത്തിലെ വെള്ളം മലിനമാകുന്നു, തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് രാമലിംഗസാമി കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് എം.സുന്ദര്‍, ജസ്റ്റിസ് ആര്‍.ശക്തിവേല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം അത് പുറമ്പോക്ക് ഭൂമിയാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: