ന്യൂദല്‍ഹി: 2024ലെ ഹജ്ജ് നയം ഭാരതസര്‍ക്കാര്‍ പുറത്തിറക്കിയതായും ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി.
ദല്‍ഹിയില്‍ കേന്ദ്രവിദേശകാര്യവകുപ്പ് സഹമന്ത്രി വി. മുരളീധരനും സൗദി അറേബ്യന്‍ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബിയക്കുമൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഭാരതത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് 2023ല്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയതിന് സൗദി സര്‍ക്കാരിന് സ്മൃതി ഇറാനി നന്ദി അറിയിച്ചു. കഴിഞ്ഞ തവണ ഹജ്ജ് നടത്തിയവരില്‍ 47 ശതമാനം സ്ത്രീകളായിരുന്നു. 4000ലധികം സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ ഒപ്പമില്ലാതെ ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ സാധിച്ചു.
ഇതിനാവശ്യമായ ക്രമീകരണങ്ങളും സൗദി സര്‍ക്കാര്‍ ഒരുക്കി. ഇത്തവണയും തീര്‍ത്ഥാടകര്‍ക്കായി മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. തീര്‍ത്ഥാടകരായ സ്ത്രീകള്‍ക്കും ദിവ്യാംഗര്‍ക്കും പ്രത്യേക ക്രമീകരണങ്ങള്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇവര്‍ക്കായി ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ചും മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബിയയുമായി ചര്‍ച്ച നടത്തതിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബിയയുടെ ഭാരത സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് സുപ്രധാന പങ്കുണ്ട്. 2024 ഹജ്ജ് തീര്‍ത്ഥാടനം ഫലപ്രദവും സുഗമമവുമാക്കാന്‍ ഈ സന്ദര്‍ശനം സഹായിക്കും. 2024 ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി ന്യൂനപക്ഷകാര്യവകുപ്പിനൊപ്പം ചേര്‍ന്ന് വിദേശകാര്യമന്ത്രാലയവും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ഉംറ നിര്‍വഹിക്കുന്നവര്‍ക്കും ആതിഥ്യമരുളുന്നതിന് സമഗ്രമായ പദ്ധതികളാണ് ഈ വര്‍ഷവും ആവിഷ്‌കരിക്കുന്നതെന്ന് തൗഫിഗ് ബിന്‍ ഫൗസാന്‍ അല്‍ റബിയ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനവും സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: