ശബരിമല: നടയടച്ചതിന് ശേഷം പടികയറുന്ന തീര്‍ത്ഥാടകര്‍ക്ക് വടക്കേനട ഭാഗത്ത് വിരിവെയ്ക്കാന്‍ സൗകര്യമില്ല. തീര്‍ത്ഥാടകര്‍ രാത്രി സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നാണ് നേരം വെളുപ്പിക്കുന്നത്. ഭക്തജനത്തിരക്കേറിയതോടെയാണ് രാത്രി 11ന് ഹരിവരാസനം പാടി നട അടച്ച് കഴിഞ്ഞാലും തീര്‍ത്ഥാടകരെ പതിനെട്ടാം പടി കയറ്റുകയാണ്.
പടി കയറി കൊടിമരച്ചുവട്ടില്‍ എത്തുന്നതോടെ തിരുമുറ്റത്തുകൂടി താഴേ വടക്കേ നടയിലേക്ക് തീര്‍ത്ഥാടകരെ ഇറക്കി വിടും. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നിന് നട തുറക്കുമ്പോള്‍ വടക്കേ നടവഴി ഇവര്‍ക്ക് ദര്‍ശനം സാധ്യമാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ വടക്കേനടയില്‍ എത്തുന്ന കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുളള തീര്‍ത്ഥാടകര്‍ വിരിവെയ്ക്കാന്‍ ഇടമില്ലാതെ നെട്ടോട്ടമോടുകയാണ്. വടക്കേ നടഭാഗത്ത് ഉണ്ടായിരുന്ന വിശ്രമപന്തല്‍ നവീകരിച്ച് ഭണ്ഡാരമാക്കിയതോടെ ആ സൗകര്യവും നഷ്ടമായി.
നിലവിലുള്ള ഭണ്ഡാരത്തിന് മുകളില്‍ നെയ്യഭിഷേക ക്യൂവിനായുള്ള ബാരിക്കേഡ് കഴിഞ്ഞുള്ള കുറച്ച് ഭാഗത്താണ് വിശ്രമിക്കാന്‍ സൗകര്യമുള്ളത്. മാളികപ്പുറം നടപ്പന്തലില്‍ നേരത്തെ ഉണ്ടായിരുന്ന സ്ഥലസൗകര്യം ഇപ്പോഴില്ല. ഇവിടെ കുറച്ച് ഭാഗം പല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം നഷ്ടമായി. മാളികപ്പുറത്തെ അപ്പം അരവണ കൗണ്ടറില്‍ ഭക്തര്‍ ക്യു നില്‍ക്കുന്നത് മൂലവും വിശ്രമ സൗകര്യം കുറഞ്ഞു. ബാക്കിയുള്ള ഭാഗം പോലീസ് ബാരിക്കേഡ് വെച്ച് ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
ഭക്തര്‍ക്ക് സൗകര്യം ഒരുക്കാനെന്ന പേരില്‍ മാധ്യമങ്ങള്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ച് നീക്കിയിരുന്നു. പിന്നീട് ഇവിടെ ഒരു നിര്‍മാണവും നടത്തിയിട്ടില്ല. ഈ ഭാഗത്ത് ഇപ്പോള്‍ രണ്ട് വ്യാപാര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മഴ പെയ്താല്‍ സമീപത്തെ കടകളില്‍ കയറി നില്‍ക്കേണ്ട ഗതികേടാണ് ഭക്തര്‍ക്കുള്ളത്. വന്‍ വികസനം നടക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് അവകാശപ്പെടുമ്പോഴാണ് വിരിവെയ്ക്കാന്‍ പോലും സ്ഥലമില്ലാതെ ഭക്തര്‍ ബുദ്ധിമുട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: