കല്‍പ്പറ്റ: മേപ്പാടി എരുമക്കൊല്ലി ജിയുപി സ്‌കൂളില്‍ ഇന്നലെ അധ്യയനം നടന്നില്ല. ആകെയുള്ള 47 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പോലും എത്താതിരുന്നതോടെയാണ് അധ്യയനം മുടങ്ങിയത്. വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് കൊണ്ടുപോയിരുന്ന ജീപ്പിന് നല്കാനുള്ള ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ കൊടുക്കാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ വാഹനം സര്‍വീസ് നടത്തിയില്ല. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ കഴിയാതായത്.
തോട്ടം തൊഴിലാളികളുടെയും ഇതരസംസ്ഥാന തൊഴിലാളികളുടെയും മക്കള്‍ പഠിക്കുന്ന സ്‌കൂളിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ചെമ്പ്ര മലനിരകളിലെ ഉയര്‍ന്ന പ്രദേശത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ നടന്നുപോകാറില്ല.
വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് നിരവധി പരാതികള്‍ ഗ്രാമപഞ്ചായത്തിന് നല്കിയെങ്കിലും അവയെല്ലാം ചവറ്റുകൊട്ടയില്‍ ഇടുകയാണ് ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു.
തുടര്‍ന്ന് ഇവര്‍ ബാലാവകാശ കമ്മിഷനെ വാഹനസൗകര്യത്തിനായി സമീപിച്ചു. കമ്മിഷന്റെ ഉത്തരവനുസരിച്ച് നാല് വര്‍ഷം മുമ്പ് പഞ്ചായത്ത് ഫണ്ട് നല്കി ഇവിടേക്ക് ഒരു ഓട്ടോറിക്ഷയില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിച്ചിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചതോടെ ഇത് ജീപ്പ് സര്‍വീസാക്കി മാറ്റി.
ഈ ജീപ്പ് സര്‍വീസ് നടത്തിയ ഇനത്തില്‍ 1,71,000 രൂപ കുടിശികയായി. ഇത്രയും തുക ബാധ്യതയായതിനാല്‍ ഡീസലടിക്കാന്‍ പോലും പണമില്ലാതായതോടെ ഡ്രൈവര്‍ ഇന്നലെ ജീപ്പ് ഓടിച്ചില്ല. കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്താനും കഴിഞ്ഞില്ല.
നിരവധി തവണ അദ്ധ്യാപകരും പിടിഎയും പണത്തിനായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് ജീപ്പ് സര്‍വീസ് നിര്‍ത്തിയത്. വിദ്യാലയത്തിലെ ആറ് അദ്ധ്യാപകരും എത്തി. വിദ്യാര്‍ത്ഥികള്‍ വരാത്ത വിവരം വിദ്യഭ്യാസ വകുപ്പ് അധികൃതരെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: