കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ടെക്‌ഫെസ്റ്റിനിടെ നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം വേദനിപ്പിക്കുന്നതെന്ന് ഹൈക്കോടതി. സംഭവത്തില്‍ ചില സംവിധാനങ്ങള്‍ക്ക് പിഴച്ചു. എവിടെയാണ് വീഴ്ച സംഭവിച്ചതെന്നാണ് അറിയേണ്ടതെന്നും കോടതി വ്യക്തമാക്കി. അപകടം സംബന്ധിച്ച് ഏതെല്ലാം തരത്തിലുള്ള അന്വേഷണങ്ങളാണ് നടക്കുന്നതെന്ന വിവരം കൈമാറണമെന്നും സംസ്ഥാന സർക്കാറിനോട് കോടതി നിർദേശിച്ചു.
കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. കുസാറ്റ് ഫെസ്റ്റിലെ പരിപാടികളുടെ നിയന്ത്രണം വിദ്യാര്‍ഥികള്‍ക്കായിരുന്നു. പക്ഷേ അതിന്റെ പേരില്‍ കുട്ടികളെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും തങ്ങള്‍ കുട്ടികള്‍ക്കൊപ്പമാണെന്നും ഹൈക്കോടതി അറിയിച്ചു. കുസാറ്റ് ദുരന്തത്തില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണം സുതാര്യമല്ല. സര്‍വകലാശാല, സ്‌കൂള്‍ നേതൃത്വങ്ങള്‍ക്ക് ദുരന്തത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുമാണ് കെഎസ്‌യുവിന്റെ ആരോപണം.
പോലീസ് സുരക്ഷ ആവശ്യപ്പെട്ട് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പല്‍ നല്‍കിയ കത്ത് രജിസ്ട്രാര്‍ അവഗണിച്ചത് ദുരന്തത്തിന്റെ ആക്കം കൂട്ടി. കുറ്റക്കാരായ രജിസ്ട്രാര്‍, യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍, സെക്യൂരിറ്റി ഓഫീസര്‍ എന്നിവര്‍ക്കെതിരേ ഇതുവരെ നടപടി ഉണ്ടായിട്ടില്ല എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. എന്നാല്‍ ഈ സമയം ആരെയെങ്കിലും രാഷ്‌ട്രീയപരമായി കുറ്റം പറയാനുള്ളതല്ലെന്ന് വ്യക്തമാക്കിയ കോടതി നിലവിലെ അന്വേഷണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാല് തട്ടിലുള്ള അന്വേഷണം നടക്കുന്നതായി സര്‍വകലാശാല കോടതിയെ അറിയിച്ചു.
ഹര്‍ജി പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കഴിഞ്ഞ മാസം 25ന് ആണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ടെക്‌ഫെസ്റ്റിനിടെ അപകടമുണ്ടായത്. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യയ്‌ക്കായാണ് വിദ്യാര്‍ഥികള്‍ ഒത്തുകൂടിയത്. മഴ പെയ്തതോടെ കൂടുതല്‍ പേര്‍ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് തിരക്കിനിടയാക്കി. ഇതോടെ മുന്നിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ വീഴുകയായിരുന്നു.
ദുരന്തത്തില്‍ നാലുപേര്‍ മരിച്ചു. അതുല്‍ തമ്പി, ആന്‍ റുഫ്ത, സാറ തോമസ് എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. ഇവരെ കൂടാതെ ആല്‍വിന്‍ ജോസഫ് എന്നയാളും മരിച്ചു. സംഭവത്തില്‍ 70ല്‍ പരം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: