തിരുവനന്തപുരം: ജോലി സാഹചര്യം മടത്ത് കേരളാ പൊലീസില്‍ ജോലി ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണം കൂടുന്നു. സ്വയം വിരമിക്കലിന് അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ 800ല്‍ പരം വിരമിക്കല്‍ അപേക്ഷകള്‍ അനുമതി കാത്ത് കിടക്കുന്നു.
ഇതിന് പുറമെ ദീര്‍ഘകാല അവധി എടുത്ത് മാറിനില്‍ക്കുന്നവരും വര്‍ധിക്കുന്നു. ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവുമാണ് പൊലീസില്‍ ജോലിയെടുക്കുന്ന ഒരു വിഭാഗം പേര്‍ക്ക് തലവേദനയാകുന്നത്. നാല് വര്‍ഷത്തിനിടെ സ്വയം വരിമിക്കലിന് അപേക്ഷിച്ചത് 169 പൊലീസുകാരാണ്. കോഴിക്കോട് നഗരത്തില്‍ നിന്നാണ് കൂടുതല്‍ വിരമിക്കല്‍ അപേക്ഷകള്‍. 22 പേര്. രണ്ടാം സ്ഥാനത്ത് മലപ്പുറമാണ്-18 പേര്. കോട്ടയമാണ് മൂന്നാം സ്ഥാനത്ത്-15 പേര്.
ആരോഗ്യപ്രശ്നങ്ങളാല്‍ 64 പേര് സ്വയം വിരമിക്കലിന് അപേക്ഷിച്ചു. കുടുംബപ്രശ്നം കാരണം 27 പേരും മേലുദ്യോഗസ്ഥരുടെ മോശം പെരുമാറ്റം കാരണം മൂന്ന് പേരും വിദേശജോലിക്കായി ഏഴ് പേരും സ്വന്തമായ സംരംഭം തുടങ്ങാന്‍ മൂന്ന് പേരും വിരമിക്കലിന് അപേക്ഷ നല്കി.
തിരുവനന്തപുരം സിറ്റി ട്രാഫിക്കിലെ ഒരു ഉദ്യോഗസ്ഥന് വിരമിക്കലിന് അപേക്ഷ നല്‍കിയില്ല. കാരണം ചിലപ്പോള്‍ അപേക്ഷ പാസായിക്കിട്ടാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. അതിനാല്‍ അയാള്‍ രണ്ട് ദിവസത്തെ അവധിക്കപേക്ഷിച്ച ശേഷം ന്യൂസിലാന്റില്‍ പോയി. അവിടെ പഴവര്‍ഗ്ഗങ്ങള്‍ പാക്ക് ചെയ്തുകൊടുക്കുന്ന ജോലിക്ക് ചേര്‍ന്നു. നല്ല ശമ്പളം. മനസ്സമാധാനവും.
അടുത്തിടെ ഒരു ഡിവൈഎസ്പി സി.രാജീവ് സ്വയം വിരമിക്കലിന് അപേക്ഷനല്‍കി. ആലപ്പുഴ നര്ക്കോട്ടിക്സില് ജോലി ചെയ്യുന്ന സി. രാജീവ് ഇപ്പോള്‍ ടെക്നോപാര്‍ക്കിലെ ഒരു പരസ്യക്കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു.
കഷ്ടപ്പെട്ട് എന്ത് ചെയ്താലും ഒരു നല്ല വാക്ക് കിട്ടാന്‍ പ്രയാസം. ആവശ്യത്തിന് വണ്ടിയോടിക്കാന്‍ പറ്റാത്ത ഇന്ധനക്ഷാമം വലിയ തലവേദനയാണ്. മാനസിക സമ്മര്‍ദ്ദവും കൂടുതലാണ്. തൊഴിലിന് വേണ്ടതിലും അധികം വിദ്യാഭ്യാസ യോഗ്യത ഉള്ളതും പല ഉദ്യോഗസ്ഥരിലും കടുത്ത മാനസികസമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. വിഷാദരോഗം കാരണമാണ് കൂടുതല്‍ പേര് ആത്മഹത്യ ചെയ്യുന്നത്.
2023ല്‍ 13 പേര് ആത്മഹത്യ ചെയ്തു. തിരുവനന്തപരും റൂറലിലാണ് കൂടുതല്‍ പേര് ആത്മഹത്യ ചെയ്തത്- 10 പേര്.
അമിത ജോലി ഭാരവും മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവുമാണ് ആത്മഹത്യയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. .
റൂറല്‍ എസ് പി കിരണ്‍ നാരായണന് പൊലീസുകാരുമായി ഭക്ഷണം കഴിക്കുന്നതും അവരുമായി കുടുംബകാര്യങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്ന ചിത്രം ഈയിടെ വൈറലായിരുന്നു. ഒട്ടേറെ പൊലീസുകാര്‍ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അവരുടെ ജീവിതത്തില്‍ ഇത്തരം അനുഭവങ്ങള്‍ അപൂര്വ്വമായതിനാലാണിത്. പല പൊലീസുകാരും സ്വകാര്യ ജീവിതസമ്മര്‍ദ്ദങ്ങളില്‍ വീര്‍പ്പുമുട്ടിയാണ് ജീവിക്കുന്നതെന്ന് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: