ന്യൂദല്‍ഹി: രാജ്യത്തെ ജാതിയുടെ പേരില്‍ വിഭജിക്കാന്‍ ഗൂഢശ്രമം നടന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാതിസെന്‍സസ് ഉയര്‍ത്തി കോണ്‍ഗ്രസ് നടത്തിയ പ്രചാരണത്തെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, വ്യാജ വാഗ്ദാനങ്ങളില്ല ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരിലാണ് ജനങ്ങള്‍ വിശ്വസിക്കുകയെന്നും പറഞ്ഞു. മൂന്നുസംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയം ആഘോഷിച്ച് ബിജെപി കേന്ദ്ര ആസ്ഥാനത്ത് തിങ്ങിനിറഞ്ഞ നൂറുകണക്കിന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തനിക്ക് ജാതിയെന്നാല്‍ നാരീശക്തി, യുവശക്തി, കര്‍ഷക, ദരിദ്ര കുടുംബങ്ങള്‍ എന്നിവ മാത്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും ജനങ്ങള്‍ ബിജെപിക്ക് മേല്‍ സ്നേഹം ചൊരിഞ്ഞിരിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുകയെന്ന വ്രതം സ്വീകരിച്ചവരാണ് ഞങ്ങള്‍. ബിജെപിക്ക് മികച്ച ഭൂരിപക്ഷം നല്കിയ ജനങ്ങള്‍ക്ക് നന്ദി. വനിതകള്‍ക്കായി ബിജെപി സര്‍ക്കാരുകള്‍ മുന്നോട്ട് വെച്ച എല്ലാ വാഗ്ദാനങ്ങളും നൂറുശതമാനവും പൂര്‍ത്തീകരിക്കും, പ്രധാനമന്ത്രി പറഞ്ഞു.
മൂന്നു സംസ്ഥാനങ്ങളിലെ ഹാട്രിക് വിജയം ലോക്സഭാ തെരഞ്ഞെടുപ്പിലെ ഹാട്രിക് വിജയമായി 2024ലും മാറും. അഴിമതി, പ്രീണന രാഷ്ട്രീയം, കുടുംബാധിപത്യം എന്നിവയ്ക്കെതിരായ വിധിയെഴുത്ത് മൂന്നിടത്തും ഉണ്ടായി. രാജ്യത്തിനാപത്തായ ഈ മൂന്ന് വിപത്തിനെയും ജനം തിരിച്ചറിഞ്ഞു തുരത്തിയിരിക്കുന്നു. അഴിമതിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ യുദ്ധത്തിന് ജനങ്ങളുടെ പിന്തുണ ശക്തമായി ലഭിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ അഴിമതിക്കെതിരെ നടത്തുന്ന നടപടികളെ എതിര്‍ക്കുന്നവര്‍ ജനങ്ങള്‍ അഴിമതിക്കെതിരെ വോട്ട് ചെയ്തത് മനസ്സിലാക്കണം. അഴിമതി വിരുദ്ധ പോരാട്ടത്തിന് കരുത്ത് പകരുന്ന ജനവിധിയാണ് ഉണ്ടായത്. രാജ്യവിരുദ്ധ ശക്തികള്‍ക്ക് പിന്തുണ നല്കുന്ന നടപടികള്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും അവസാനിപ്പിക്കണമെന്നും രാജ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൂന്നു സംസ്ഥാനങ്ങളിലെയും ജനവിധി ലോകം മുഴുവനും ശ്രദ്ധിക്കുന്നുണ്ടെന്നും ഈ ഫലം വരും നാളുകളിലും തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടുപതിറ്റാണ്ടായി അധികാരത്തില്‍ തുടരുന്ന മധ്യപ്രദേശില്‍ ജനങ്ങള്‍ക്ക് ബിജെപിയെ മാത്രമാണ് വിശ്വാസം. രാജ്യത്തെ ഓരോ കുടുംബത്തിന്റെയും ക്ഷേമം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. ഇതു മനസ്സിലാക്കിയാണ് ജനങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പ്രവചനങ്ങള്‍ നടത്താറില്ലെന്നും എന്നാല്‍ ഇത്തവണ അതു മാറ്റിവെച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് താന്‍ പ്രവചിച്ചിരുന്നു. ജനങ്ങളില്‍ അതരയധികം വിശ്വാസമുള്ളതിനാലായിരുന്നു അതെന്നും മോദി പറഞ്ഞു. തെലങ്കാനയെകുറിച്ച് പരാമര്‍ശിക്കവെ തെലുങ്ക് ഭാഷയില്‍ പ്രധാനമന്ത്രി സംസാരിച്ചത് ശ്രദ്ധേയമായി.
മൂന്നു സംസ്ഥാനങ്ങളിലെ ഉജ്വല വിജയത്തിന് പിന്നാലെ ബിജെപി കേന്ദ്ര ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശകരമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. കേന്ദ്രമന്ത്രിമാരായ അമിത് ഷായും രാജ്നാഥ്സിങും ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയും പുഷ്പഹാരമണിയിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: