തിരുവനന്തപുരം: പുത്തന്‍ ആശയങ്ങളും കുട്ടി ശാസ്ത്രജ്ഞരുടെ വലിയ കണ്ടുപിടിത്തങ്ങളുമായി നാലുദിവസം നീണ്ടുനിന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് സമാപനം. ഒരുപിടി പുത്തന്‍ ആശയങ്ങള്‍ പങ്കുവച്ചാണ് ശാസ്ത്രമേളയക്ക് കൊടിയിറങ്ങിയത്. ഗതാഗത വകുപ്പിന്റെ അഭിനന്ദനം നേടിയ ഹൈഡ്രജന്‍ വാഹനം, തുരങ്ക അപകടങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്ന ഉപകരണം, ഗട്ടറില്‍ വീഴുമ്പോള്‍ ചാര്‍ജ്ജാകുന്ന ബസ്, സോളാര്‍ ഓട്ടോ, സ്ത്രീ സുരക്ഷയ്‌ക്കുള്ള കണ്ടുപിടിത്തങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള ഹൈടെക് വീല്‍ചെയറുകള്‍, സ്മാര്‍ട്ട് ഗ്ലൗസ്, പ്രളയ മുന്നറിയിപ്പ്, തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളുമായി ബന്ധപ്പെടുന്ന കണ്ടുപിടത്തങ്ങള്‍ മേളയെ വേറിട്ടതാക്കി. സ്‌പെഷ്യല്‍ സ്‌കൂളുകളുടെ പ്രവൃത്തിപരിചയ മേളയും ഏറെ ശ്രദ്ധേയമായിരുന്നു. ഉദ്ഘാടനത്തിനും സമാപനത്തിനും വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കാത്ത മേള എന്ന പ്രത്യേകയോടെയാണ് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയക്ക് കൊടിയിറങ്ങിയത്.
നാലു ദിവസം നീണ്ടുനിന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയിലെ 180 മത്സരങ്ങളും അവസാനിച്ചപ്പോള്‍ മലപ്പുറം ഓവറോള്‍ കിരീടത്തില്‍ മുത്തമിട്ടു. 1442 പോയിന്റുമായാണ് മലപ്പുറം കിരീടം പിടിച്ചെടുത്തത്. രണ്ടാം ദിനത്തില്‍ നേടിയ ആധിപത്യം അവസാനം വരെ മലപ്പുറം നിലനിര്‍ത്തി. 1350 പോയിന്റുമായി കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ പാലക്കാട് ആണ് രണ്ടാം സ്ഥാനത്ത്. 1333 പോയിന്റുനേടിയ കണ്ണൂരും 1332 പോയിന്റുമായി കോഴിക്കോടുമാണ് മൂന്നും നാലും സ്ഥാനത്ത്. ഗണിതം, സോഷ്യല്‍ സയന്‍സ്, പ്രവൃത്തി പരിചയമേള, ഐടി എന്നിവയില്‍ മലപ്പുറം ആധിപത്യം പുലര്‍ത്തി. പക്ഷെ ശാസ്ത്രമേളയില്‍ 11-ാം സ്ഥാനത്താണ് മലപ്പുറം. അതില്‍ തൃശൂര്‍ ഒന്നാമതും പാലക്കാട് രണ്ടാമതുമാണ്.
കാസര്‍കോട് ദുര്‍ഗ എച്ച്എസ്എസ് മികച്ച സ്‌കൂളായി. ഇടുക്കി കൂമ്പനപ്പാറ ഫാത്തിമ മാതാ ജിഎച്ച്എസ്സ്്എസ്സ്് രണ്ടാം സ്ഥാനം നേടി. തൃശൂര്‍ പാണങ്ങാട് എച്ച്എസ്്എസ് ആണ് മൂന്നാം സ്ഥാനത്ത്. സയന്‍സില്‍ മലപ്പുറം മഞ്ചേരി ജിബിഎച്ച്എസ്എസ് ആണ് മികച്ച സ്‌കൂള്‍. ഗണിതത്തില്‍ പാലക്കാട് വാണിയംകുളം ടിആര്‍കെഎച്ച്എസ്എസ്, സാമൂഹ്യ ശാസ്ത്രത്തില്‍ കാസര്‍കോട് ചെമ്മനാട് സിജൈഎച്ച്എസ്എസ്, പ്രവൃത്തി പരിചയമേളയില്‍ കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ്, ഐടിയില്‍ ഇടുക്കി കട്ടപ്പന എസ്ജിഎച്ച്എസ്എസും മികച്ച സ്‌കൂളുകളായി. വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന ശാസ്ത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായി , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ച് നിര്‍മ്മിച്ച കവര്‍ ചിത്രം ഉള്‍പ്പെടുത്തിയ സുവനീറും ചടങ്ങില്‍ പ്രകാശനം ചെയ്തു.
ശാസ്ത്രമേളയ്‌ക്കും സ്വര്‍ണട്രോഫി
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ജില്ലക്ക് അടുത്ത വര്‍ഷം മുതല്‍ സ്വര്‍ണ കപ്പ് നല്‍കുന്നത് ആലോചനയിലാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവ മാതൃകയിലാണ് ശാസ്ത്രമേളക്കും സ്വര്‍ണകപ്പ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ശാസ്‌ത്രോത്സവ സമാപന സമ്മേളനത്തിന് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിത്.
വിദ്യാര്‍ഥികളുടെ ശാസ്ത്ര അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുന്നുണ്ട്. വിദ്യാര്‍ഥികള്‍ പാഠപുസ്‌കത്തിനപ്പുറം കല, കായികം, ശാസ്ത്രം ഉള്‍പ്പെടെ എല്ലാ മേഖലകളിലും കഴിവ് തെളിയിക്കുന്നവരാകണം. അവസരം കിട്ടാത്തതാണ് കഴിവുകള്‍ പ്രകടമാക്കുന്നതിന് തടസമാവുന്നത്. കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കാനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: