ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യം നേടിയ ഉജ്വലവിജയം ഒരേസമയം തുടര്‍ച്ചയും പുതിയ തുടക്കവുമാണ്. ഹിന്ദി ഹൃദയഭൂമിയില്‍ വരുന്ന മധ്യപദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബിജെപിക്ക് വന്‍ഭൂരിപക്ഷത്തോടെ സര്‍ക്കാരുകളുണ്ടാക്കാന്‍ ലഭിച്ചിരിക്കുന്ന ജനവിധി ദേശീയ ശക്തികള്‍ക്ക് വലിയ ആവേശവും ആത്മവിശ്വാസവുമാണ് നല്‍കിയിരിക്കുന്നത്. വിദ്വേഷ രാഷ്ട്രീയത്തിനും ശിഥിലീകരണ ശക്തികള്‍ക്കും ഒപ്പമല്ല തങ്ങളെന്ന് തെളിയിക്കാന്‍ ലഭിച്ച അവസരം ജനങ്ങള്‍ വിനിയോഗിച്ചിരിക്കുന്നു. തെലങ്കാനയില്‍ ബിജെപി നടത്തിയ മുന്നേറ്റം അവിടെ വരാനിരിക്കുന്ന രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണ്. തങ്ങള്‍ക്ക് ഭരണമുള്ള രാജസ്ഥാനിലും ഛത്തീസ്ഗഢിലും പാര്‍ട്ടിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്നും, മധ്യപ്രദേശില്‍ ബിജെപി ഭരണത്തെ പുറന്തള്ളി അധികാരം പിടിക്കുമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടിരുന്നത്. ചില അഭിപ്രായ സര്‍വേകളും എക്സിറ്റ് പോളുകളും ഇതിനെ ശരിവയ്ക്കുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആവേശം ആകാശം തൊട്ടു. പക്ഷേ തിളങ്ങുന്ന പ്രകടനത്തോടെ മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്തിയ ബിജെപി ഛത്തീസ്ഗഢില്‍നിന്നും രാജസ്ഥാനില്‍നിന്നും ജനവിരുദ്ധ സര്‍ക്കാരുകളെ അടിച്ചിറക്കുകയാണ് ചെയ്തിരിക്കുന്നത്. തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം ലഭിച്ചിട്ടുണ്ടെങ്കിലും അധികാരത്തിലേറാന്‍ പോകുന്ന സര്‍ക്കാര്‍ അല്പായുസാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
കര്‍ണാടകയില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞതിന്റെ അമിത ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പുകളെ നേരിട്ടത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നടത്തിയ ഭാരത് ജോഡോ യാത്രയാണ് കര്‍ണാടകയില്‍ വിജയം കൊണ്ടുവന്നതെന്നും, ഇത് മറ്റിടങ്ങളിലും ആവര്‍ത്തിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസ്സിന്റെ വാര്‍റൂമില്‍ അന്തിയുറങ്ങിയിരുന്നവര്‍ തുടരെ തുടരെ നടത്തിയിരുന്നു. എന്നാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം പ്രാദേശിക കാരണങ്ങളാല്‍ സംഭവിച്ച അപവാദമാണെന്നും, ജോഡോ യാത്ര ചാപിള്ളയാണെന്നും തെളിഞ്ഞിരിക്കുന്നു. പതിവുപോലെ സോണിയാ കുടുംബമാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. പാര്‍ട്ടി നേതാക്കളായ രാഹുലും പ്രിയങ്കയും മാന്യതയുടെ സകല സീമകളും ലംഘിക്കുന്ന വിധത്തിലാണ് റാലികളില്‍ പ്രസംഗിച്ചത്. പലയിടങ്ങളിലും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം ചോദിക്കുകയും ചെയ്തു. സോണിയാ കുടുംബത്തിന്റെ അധികാരമോഹത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. പരാജയത്തിന്റെ പ്രതിരൂപമായി ഒരിക്കല്‍ക്കൂടി രാഹുല്‍ മാറുകയും ചെയ്തിരിക്കുന്നു. ഗുജറാത്തില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി മോദി എത്തിയതിനെ അങ്ങേയറ്റം മോശമായ ഭാഷയിലാണ് രാഹുല്‍ പരിഹസിച്ചത്. ആരാണ് യഥാര്‍ത്ഥത്തില്‍ ദുശ്ശകുനമെന്ന് ജനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നു. പരാജയം കനത്തതാകയാല്‍ ഈ കോമാളി നേതാവിനെ ഇനി കുറേക്കാലം രാജ്യത്ത് കണ്ടെന്നുവരില്ല.
ബിജെപിയുടെ വിജയത്തിനും കോണ്‍ഗ്രസ്സിന്റെ പരാജയത്തിനും പല മാനങ്ങളുണ്ട്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഐഎന്‍ഡിഐ സഖ്യത്തിന് രാജ്യത്ത് യാതൊരു പ്രസക്തിയുമില്ലെന്നും, ജനങ്ങള്‍ അതില്‍ വിശ്വസിക്കുന്നില്ലെന്നും വ്യക്തമായി. ബിജെപിയെയും നരേന്ദ്ര മോദിയെയും പരാജയപ്പെടുത്താനുള്ള അവസാന ആയുധമെന്ന നിലയ്ക്ക് കോണ്‍ഗ്രസ്സും കൂട്ടാളികളും പുറത്തെടുത്ത ജാതി, വിഭജന രാഷ്ട്രീയം ജനങ്ങള്‍ പുച്ഛിച്ചു തള്ളി. വിഭജനത്തിനൊപ്പമല്ല, ഐക്യത്തിനൊപ്പമാണ് തങ്ങളെന്ന് അവര്‍ തെളിയിച്ചു. വന്‍തോതില്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് ജനങ്ങളെ പാട്ടിലാക്കാനുള്ള കോണ്‍ഗ്രസ് ശ്രമവും പരാജയപ്പെട്ടു. ഛിദ്രശക്തികളുടെയും ദേശവിരുദ്ധരുടെയും പിന്തുണ ലക്ഷ്യംവച്ച് സനാതനധര്‍മത്തിനെതിരെ നടത്തിയ വിദ്വേഷപ്രചാരണവും തിരിച്ചടിച്ചു. ഈ പരാജയത്തോടെ ഐഎന്‍ഡിഐ സഖ്യം സ്വാഭാവിക അന്ത്യത്തിലേക്ക് നീങ്ങും. കോണ്‍ഗ്രസ്സിന് അധികാരമുണ്ടായിരുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലും കടുത്ത ഭരണവിരുദ്ധ തരംഗവും, ബിജെപിക്ക് അധികാരമുള്ള മധ്യപ്രദേശില്‍ ഭരണാനുകൂല തരംഗവും നിലനില്‍ക്കുന്നുവെന്ന് തെളിയിക്കുന്ന ജനവിധികളാണ് ഉണ്ടായിരിക്കുന്നത്. ജാതിരാഷ്ട്രീയം കളിച്ച കോണ്‍ഗ്രസിലല്ല, പാവപ്പെട്ടവരും കര്‍ഷകരും വനിതകളും യുവാക്കളും എന്നിങ്ങനെ നാല് ജാതികളേയുള്ളൂ എന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലാണ് വിശ്വാസമെന്ന് ജനങ്ങള്‍ പറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ശിഥിലീകരണ രാഷ്ട്രീയം പയറ്റുന്ന ഇടതുപാര്‍ട്ടികള്‍ക്കും ശക്തമായ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോദി മുന്നോട്ടുവയ്ക്കുന്ന വികസന രാഷ്ട്രീയത്തിലാണ് ജനങ്ങള്‍ക്ക് താല്പര്യം. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയും മോദിയുംതന്നെയാണ് അധികാരത്തിലേറാന്‍ പോകുന്നതെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: