ന്യൂദല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ മൂന്നും ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ വിജയിച്ചത് മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍. കിസാന്‍ സമ്മാന്‍, ഉജ്വല യോജന, ബേഠി ബചാവോ, ബേഠീ പഠാവോ, മുദ്ര വായ്പ, ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍, ജന്‍ധന്‍ അക്കൗണ്ടുകള്‍… സ്ത്രീസുരക്ഷാ പദ്ധതികള്‍…. അങ്ങനെ നീളുകയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍. നയാപൈസ പോലും ചോരാതെ പദ്ധതികള്‍ വഴി ജനങ്ങളില്‍ ആനുകൂല്യങ്ങള്‍ എത്തുമ്പോള്‍, അക്കൗണ്ടുകളില്‍ പണം വരുമ്പോള്‍ ജനങ്ങള്‍ തൃപ്തരാണ്. സന്തുഷ്ടരാണ്.
താഴെത്തട്ടുകളില്‍ വരെയെത്തിയ പദ്ധതികള്‍ ബിജെപിക്ക് അനുകൂലമായ വോട്ടുകളായി മാറിയതില്‍ അത്ഭുതമില്ല. അതത് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ക്കൊപ്പം കേന്ദ്രപദ്ധതികള്‍ കൂടിയായതോടെ ജനങ്ങള്‍ പൂര്‍ണമായും ബിജെപിക്കൊപ്പമായി. ഇരട്ട എന്ജിന് എന്ന പ്രചാരണം അക്ഷരാര്‍ഥത്തില്‍ ശരിയായി. പദ്ധതികളുടെ ഗുണഭോക്താക്കള്‍ തന്നെ അവയുടെ പ്രചാരകന്മാര് ആകുക കൂടി ചെയ്തതോടെ വിജയം പൂര്‍ണം.
കമലം വിരിഞ്ഞപ്പോള്‍ കമല്‍നാഥിന് തിരിച്ചടി
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എന്നാല്‍ മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ച 74 കാരനായ കമല്‍നാഥ് എന്നായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍, 2018 ഡിസം. 13 ന് മുഖ്യമന്ത്രിയായി. അന്ന് 114 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 15 മാസത്തിനു ശേഷം, കോണ്‍ഗ്രസിലെ ഭിന്നത മൂലം അധികാരം പോയി. അതിനു ശേഷം പ്രതിപക്ഷ നേതാവായി തുടര്‍ന്നു. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഭരണവിരുദ്ധവികാരം പ്രതിഫലിക്കുമെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും കമല്‍നാഥ് വീണ്ടും മുഖ്യമന്ത്രിയാകുമെന്നുമാണ് മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്. ഭരണവിരുദ്ധ വികാരം ഉണ്ടായില്ല, ബിജെപി വന്‍ ഭൂരിപക്ഷം നേടുകയും ചെയ്തു. 160 ലേറെ സീറ്റുകളില്‍ ബിജെപി ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 60 ലേറെ സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: