ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിച്ച അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഭരണം ഉറപ്പിച്ചെന്ന് പാര്‍ട്ടി വിലയിരുത്തിയ നാലില്‍ മൂന്നു സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്.
കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും കോണ്‍ഗ്രസിന് നഷ്ടമായി. മധ്യപ്രദേശില്‍ പ്രതീക്ഷിച്ച പ്രകടനം നടത്തുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടു. തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണത്തിലെത്താനായത്. സംസ്ഥാനത്തെ ഭരണകക്ഷിയായിരുന്ന ബിആര്‍എസിനെതിരായ ജനവികാരമാണ് തെലങ്കാനയില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര, ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ മുന്‍നിരയില്‍ നിന്നാണ് ഇത്തവണയും പാര്‍ട്ടിയെ നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞപ്പോള്‍ ജാതി സെന്‍സസ് എന്ന തുറുപ്പുചീട്ടുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. എന്നാല്‍ ഇനിയും ജാതിതിരിച്ച് ജനങ്ങളെ വഞ്ചിക്കാനാവില്ലെന്ന് ജനം കോണ്‍ഗ്രസിന് മറുപടി നല്‍കിയിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെ.
രാജസ്ഥാനിലും മധ്യപ്രദേശിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചും വ്യക്തിപരമായി അധിക്ഷേപിച്ചുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ അവസാനവട്ട പ്രചാരണം. ദുശ്ശകുനമെന്നും പോക്കറ്റടിക്കാരനെന്നും രാഹുല്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു. ഇതിനെല്ലാം ജനം വോട്ടിലൂടെ മറുപടി നല്‍കുമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
വോട്ടെണ്ണി തുടങ്ങുന്നതിന് തൊട്ടുമുമ്പു വരെ കനത്ത ആത്മവിശ്വാസമായിരുന്നു കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്. എന്നാല്‍ വോട്ടെണ്ണി തുടങ്ങിയതോടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താണെന്ന് തിരിച്ചറിയുകയായിരുന്നു പാര്‍ട്ടി നേതൃത്വം. രാജസ്ഥാനില്‍ മുതിര്‍ന്ന നേതാക്കളായ അശോക് ഗെഹ് ലോട്ടും സച്ചിന്‍ പൈലറ്റും നടത്തിയ തമ്മില്‍ത്തല്ലും ക്രമസമാധാനപ്രശ്നങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും പാര്‍ട്ടിക്ക് തിരിച്ചടിയായെങ്കില്‍ ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗല്‍ സര്‍ക്കാരിന്റെ അഴിമതിയും വികസന വിരുദ്ധതയുമാണ് പാര്‍ട്ടിയെ പരാജയത്തിലേക്ക് തള്ളിവിട്ടത്. സംഘടനാ ശക്തിയില്ലായ്മയും വിമതരും പാര്‍ട്ടിയുടെ തോല്‍വിക്ക് ആക്കംകൂട്ടി.
ഛത്തീസ്ഗഡിനും രാജസ്ഥാനും പുറമെ മധ്യപ്രദേശിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രതീക്ഷയര്‍പ്പിച്ചിരുന്ന പാര്‍ട്ടിക്ക് ഏറ്റവും വലിയ തിരിച്ചടിയാണ് ഹിന്ദി ഹൃദയഭൂമി നല്‍കിയിരിക്കുന്നത്. പരാജയത്തിന്റെ കണക്കെടുപ്പും രാജികളുമായിരിക്കും വരുംനാളുകളില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: