ന്യൂദൽഹി: ഹിന്ദി ഹൃദയഭൂമിയിലെ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും. ദൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വൈകുന്നേരം 6.30നാണ് പ്രധാനമന്ത്രി പാർട്ടി പ്രവർത്തകരെ കാണുക. ബിജെപിയുടെ ഔദ്യോഗിക ആഘോഷ പരിപാടികൾ വൈകുന്നേരം 5.00 മണിക്ക് ആരംഭിക്കും.
രണ്ട് പതിറ്റാണ്ടായി ഭരിക്കുന്ന മധ്യപ്രദേശിലും ഭരണം തിരിച്ചുപിടിച്ച രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും മോഹിപ്പിക്കുന്ന ജയമാണ് ബിജെപി സ്വന്തമാക്കിയത്. ഛത്തീസ്ഗഢിൽ അഭിപ്രായ സർവേകളെ പോലും മലർത്തിയടിച്ച വിജയത്തിലേക്കാണ് പാർട്ടി നീങ്ങുന്നത്. തുടർഭരണം എന്ന റിക്കോർഡ് പ്രതീക്ഷിച്ച ഭൂപേഷ് ബാഗലിന് രമൺ സിങും സംഘവും കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.
മധ്യപ്രദേശിലെ ജയമാണ് ബിജെപിക്ക് ഏ റെ മധുരിക്കുന്നത്. പ്രചരണത്തിൽ ശക്തമായി രംഗത്തുണ്ടായിരുന്ന കോൺഗ്രസിനെ ജനവിധിയിൽ ബഹുദൂരം പിന്നാലാക്കാൻ ശിവരാജ്സിങ് ചൗഹാനും സംഘത്തിനും കഴിഞ്ഞു. നിലവിൽ മദ്ധ്യപ്രദേശിൽ 157 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുമ്പോൾ 71 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറ്റം. രാജസ്ഥാനിൽ 109 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. 72 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് മേൽക്കൈ.
ഛത്തീസ്ഗഢിൽ 48 സീറ്റുകളിൽ ബിജെപിയും 40 സീറ്റുകളിൽ കോൺഗ്രസുമാണ് മുന്നിൽ. തെലങ്കാനയിൽ 65 സീറ്റുകളുമായി കോൺഗ്രസ് മുന്നിൽ നിൽക്കുമ്പോൾ 35 സീറ്റുകളിൽ ബി ആർ എസും 09 സീറ്റുകളിൽ ബിജെപിയും മുന്നിട്ട് നിൽക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: