കൊല്ലം : കുട്ടിയെ തട്ടിക്കൊണ്ട് പോയി ആദ്യ ദിവസം തന്നെ പൊലീസ് ലഭിച്ച സൂചനയാണ് പ്രതികളിലേക്കെത്താന്‍ സഹായിച്ചത്. കുട്ടിയെ തട്ടിക്കൊണ്ട് പോയി വീട്ടിലെത്തിച്ച ശേഷം പത്മകുമാറും അനിത കുമാരിയും ഓട്ടോയില്‍ കിഴക്കനേലയില്‍ എത്തി കടയുടമയായ വനിതയുടെ ഫോണില്‍ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് മോചനദ്രവ്യം അവശ്യപ്പെട്ടിരുന്നു. അനിതാകുമാരിയാണ് ഫോണില്‍ സംസാരിച്ചത്.
ഈ ശബ്ദ സന്ദേശം ടെലിവിഷന്‍ ചാനലിലൂടെ സംപ്രേക്ഷണം ചെയ്തതോടെ പ്രദേശ വാസിയായ ഒരാള്‍ക്ക് പരിചയത്തിലുളള സ്ത്രീയുടെ ശബ്ദമാണെന്ന് സംശയമായി. തുടര്‍ന്ന് ഇയാള്‍ സ്ത്രീയെ വിളിച്ച് സംസാരിച്ച് ശബ്ദം റെക്കാഡ് ചെയ്തു. തുടര്‍ന്ന് റെക്കാഡ് ചെയ്ത ശബ്ദം സ്ഥലത്തെ പൊതുപ്രവര്ത്തകന് അയച്ച് കൊടുത്തു. ഇയാള്‍ ഇത് അയിരൂര്‍ എസ് ഐക്ക് അയച്ചു കൊടുക്കുകയായിരുന്നു.
എന്നാല്‍ ഇവര്‍ സ്വന്തം മൊബൈല്‍ ഫോണ്‍ തട്ടിക്കൊണ്ടു പോകല്‍ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നില്ല. പിന്നീട് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച ശേഷം ഉടന്‍ തന്നെ ഫോണ്‍ ഓണ്‍ ആയതും പൊലീസ് ശ്രദ്ധിച്ചിരുന്നു.
പിന്നാലെ കിഴക്കനേലയിലെ കടയില്‍ ഇവരെത്തിയ ഓട്ടോയെ സംബന്ധിച്ചും പൊലീസിന് സൂചന കിട്ടി.ഓട്ടോയുടെ ലൈറ്റില്‍ ഉളള പ്രത്യേകതയാണ് ഇതിന് സഹായകമായത്. എസ് ഐ റോഡിലൂടെ സഞ്ചരിക്കെ ആള്ക്കാര് സൂചിപ്പിച്ച തരത്തില്‍ ലൈറ്റില്‍ പ്രത്യേകതയുളള ഓട്ടോറിക്ഷാ കണ്ണില്‍ പെടുകയായിരുന്നു.തുടര്‍ന്ന് ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ സഞ്ചരിച്ച ഓട്ടോ തന്നെയാണെന്ന് വ്യക്തമായി.. ദമ്പതികളെ കൊണ്ടുവിട്ട സ്ഥലം ഡ്രൈവര്‍ കാട്ടിക്കൊടുത്തു.
തട്ടിക്കൊണ്ടു പോയ രാത്രി കുട്ടിയുടെ കരച്ചില് മാറ്റാന്‍ ടാബില്‍ കാര്‍ട്ടൂണ്‍ കാണിച്ചു കൊടുത്തിരുന്നു. പിടിയിലായപ്പോള്‍ പത്മകുമാറിന്റെ മകള്‍ അനുപമ പത്മന്റെ കൈവശം ഉണ്ടായിരുന്ന ടാബില്‍ നിരവധി കാര്‍ട്ടൂണ്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നത് പൊലീസ് കണ്ടെത്തിയതും പ്രതികള്‍ ഇവര്‍ തന്നെയാണെന്ന് ഉറപ്പിക്കുന്നതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: