കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒന്നാം പ്രതിയായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാലയത്തിൽ പത്മകുമാറിന്റെ മൊഴി പുറത്ത്. ഒരു വർഷത്തെ ആസൂത്രണത്തിനൊടുവിലാണ് തട്ടിക്കൊണ്ടുപോകൽ നടപ്പിലാക്കിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. താനും ഭാര്യയും മകളും ചേർന്നാണ് തട്ടിക്കൊണ്ടുപോയത്. മറ്റാരുടെയും സഹായം ഉണ്ടായിട്ടില്ലെന്നും പ്രതി വ്യക്തമാക്കി.
തനിക്ക് രണ്ട് കോടി രൂപയുടെ കടമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അകറ്റാൻ വേണ്ടിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി പത്ത് ലക്ഷം രൂപ വാങ്ങിച്ചെടുക്കാനായിരുന്നു പ്ലാൻ. ഒരു വർഷം മുമ്പ് വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചു. കുട്ടിയിൽ നിന്നാണ് വീട്ടിലെ നമ്പർ കിട്ടിയത്. ഭാര്യയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചതെന്നും പ്രതി വ്യക്തമാക്കി.
മകളുടെ നഴ്‌സിംഗ് പ്രവേശനത്തിന് ആറുവയസുകാരിയുടെ പിതാവ് വാങ്ങിയ അഞ്ച് ലക്ഷം രൂപ അഡ്മിഷന്‍ നടക്കാഞ്ഞിട്ടും തിരിച്ചു നല്‍കാത്തതിന്റെ വിരോധത്തിലാണ് തട്ടിക്കൊണ്ടുപോയതെന്നുമായിരുന്നു പത്മകുമാര്‍ ഇന്നലെ മൊഴി നല്‍കിയത്. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പറഞ്ഞിരുന്നു. വിശദമായി ചോദ്യം ചെയ്തതോടെയാണ് ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ക്കും കേസില്‍ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്. മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കോടിക്കണക്കിന് രൂപയുടെ കടബാദ്ധ്യതയുള്ള ഒരാള്‍ പത്ത് ലക്ഷം രൂപയ്‌ക്ക് വേണ്ടി ഇങ്ങനെയൊരു സാഹസത്തിന് മുതിരുമോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. പത്മകുമാര്‍ ലോൺ ആപ്പിൽ നിന്നും വായ്‌പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്‌പകളെല്ലാം തീര്‍ക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. 1993 ൽ ടി കെ എം എഞ്ചിനിയറിംഗ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കിയ ആളാണ് പത്മകുമാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: