സില്‍ഹട്ട്: ബംഗ്ലാദേശ് പര്യടനത്തിനെത്തിയ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ആതിഥേയര്‍ ജയത്തിലേക്ക്. മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ന്യൂസിലന്‍ഡിന്റെ മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ബംഗ്ലാദേശ് വിജയം പൂര്‍ത്തിയാക്കും. രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശ് മുന്നോട്ടുവച്ച 332 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന കിവീസ് ഇടംകൈയ്യന്‍ സ്പിന്‍ബോളര്‍ തൈജുല്‍ ഇസ്ലാമിന്റെ അത്യുഗ്രന്‍ ഏറില്‍ വിറച്ചുവീണു.
സ്കോര്‍: ബംഗ്ലാദേശ്- 310, 338, ന്യൂസിലന്‍ഡ്- 317, 113/7(49).
ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ(22), കെയ്ന്‍ വില്ല്യംസണ്(11), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ബ്ലണ്ടല്‍(ആറ്), കൈല്‍ ജാമീസണ്(ഒമ്പത്) എന്നിവരുടെ വിക്കറ്റുകള്‍ നേടിയാണ് ഇന്നലെ തൈജുല്‍ ഇസ്ലാം മികവ് കാട്ടിയത്. ഒന്നര ദിവസത്തോളം ബാക്കിനില്‍ക്കെ 332 എന്ന കടുപ്പമേറിയ കിവീസ് വിജയലക്ഷ്യത്തിന് മുന്നില്‍ തകര്‍പ്പന്‍ പ്രകടനവുമായി തൈജുല്‍ നിറഞ്ഞാടുകയായിരുന്നു. ആദ്യ ഇന്നിങ്സിലും താരത്തിന്റെ നാല് വിക്കറ്റ് പ്രകടനമാണ് കിവീസ് സ്കോറിനെ 317 റണ്‍സില്‍ ഒതുക്കിയത്. സെഞ്ചുറി നേടിയ കെയന്‍ വില്ല്യംസണ്(104) അടക്കമുള്ളവരുടെ വിക്കറ്റുകള്‍ നേടിക്കൊണ്ടുള്ള പ്രകടനത്തിലൂടെ തൈജുല്‍ ആദ്യ ടെസ്റ്റിന്റെ ഫലം അന്നേ വിധിയെഴുതി തുടങ്ങി.
ഇതുവരെ ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട കിവീസിന് ജയപ്രതീക്ഷ അസ്തമിച്ചുകഴിഞ്ഞു. തോല്‍വി ഒഴിവാക്കാന്‍ ഇന്ന് മുഴുവന്‍ ബാറ്റ് ചെയ്യേണ്ട സ്ഥിതിയാണ്. ഡാരില്‍ മിച്ചല്‍ ക്രീസിലുണ്ടെന്നത് മാത്രമാണ് ഏക ആശ്വാസം. 86 പന്തുകളില്‍ അഞ്ച് ബൗണ്ടറികള്‍ സഹിതം 44 റണ്‍സുമായി നില്ക്കുന്ന ഡാരില്‍ മിച്ചല്‍ രണ്ടാം ഇന്നിങ്സില്‍ കിവീസ് നിരയിലെ ടോപ് സ്കോററാണ്. മിച്ചലിനൊപ്പം ഇഷ് സോധി(ഏഴ്)യാണ് ക്രീസിലുള്ളത്. ബംഗ്ലാദേശിന് വേണ്ടി ഷൊറിഫുള്‍ ഇസ്ലാം, മെഹ്ദി ഹസന് മിറാസ്, നയീം ഹസന് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
തലേദിവസം മൂന്നിന് 212 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന ബംഗ്ലാദേശിനെ കിവീസ് സ്പിന്‍ ബോളര്‍ അജാസ് പട്ടേലിന്റെ പ്രകടനത്തിലൂടെയാണ് 338 റണ്‍സില്‍ പുറത്താക്കാന്‍ സാധിച്ചത്. നാല് വിക്കറ്റ് നേട്ടവുമായി അജാസ് തിളങ്ങി. തലേന്ന് സെഞ്ചുറി പൂര്‍ത്തിയാക്കി നിന്ന ബംഗ്ലാ നായകന് നജ്മുല്‍ ഷാന്റോ(105)യുടെ വിക്കറ്റ് ആണ് ഇന്നലെ ആദ്യം വീണത്. അര്‍ദ്ധസെഞ്ചുറി പിന്നിട്ട മുഷ്ഫിഖുവര് റഹീം(67) അടക്കമുള്ള ബാറ്റര്‍മാര്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ പുറത്തായിക്കൊണ്ടിരുന്നു. മെഹ്ദി ഹസന് മിറാസ് പുറത്താകാതെ നിന്ന് അര്‍ദ്ധ സെഞ്ചുറി തികച്ചു(50*).
പ്രതികരിക്കാൻ ഇവിടെ എഴുതുക: