കോട്ടയം: ധര്‍മ്മപുരാണത്തിലെ പ്രജാപതിക്ക് സമമാണ് പിണറായി വിജയന്റെ രാജ ശാസനങ്ങളെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി. സ്തുതിപാഠകരുടെ സ്തുതിയില്‍ മതിമറന്ന് രാജകീയ യാത്ര നടത്തുന്ന പിണറായി വിജയനും പരിവാരങ്ങളും സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളുടെ അന്നം മുട്ടിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യത നേരിടുമ്പോഴാണ് പിആര്‍ വര്‍ക്കിനും പരസ്യത്തിനും കോടികള്‍ ചിലവിട്ട് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും കമ്മ്യുണിസ്റ്റ് വ്യവസായികള്‍ക്കും ഖജനാവില്‍ നിന്ന് പണം മുടക്കി അത്താഴ വിരുന്നൊരുക്കി ഇടതുപക്ഷ സര്‍ക്കാര്‍ നവകേരള യാത്ര എന്ന പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.സുഗമമായ യാത്രയ്‌ക്ക് സ്‌കൂള്‍ മതില്‍ പൊളിക്കുകയും സ്‌കൂള്‍ കുട്ടികളെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിക്കുകയും കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവരില്‍നിന്നു നിര്‍ബന്ധിത പണപ്പിരിവും നടത്തുന്ന സര്‍ക്കാര്‍ ഇപ്പോള്‍ വ്യാപാരികളുടെ അന്നം മുടക്കുന്ന ഉത്തരവാണ് ഇട്ടിരിക്കുന്നതെന്ന് എന്‍ ഹരി കുറ്റപ്പെടുത്തി.
നവകേരള യാത്ര ആലുവയില്‍ എത്തുമ്പോള്‍ ഗ്യാസ് ഉപയോഗിച്ച് പാചകം പാടില്ലെന്ന കേട്ടുകേള്‍വിയില്ലാത്ത നിര്‍ദ്ദേശം അക്ഷരാര്‍ഥത്തില്‍ വ്യാപാരികളോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ സാധാരണ ജനങ്ങളെയും സ്വന്തം അണികളെയും വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല.
സുരക്ഷയില്‍ കേരളം നമ്പര്‍ വണ്‍ എന്ന് കൊട്ടിഘോഷിക്കുന്ന പിണറായി വിജയന്‍ ആരെ ഭയന്നാണ് വ്യാപാര സ്ഥാപനങ്ങളില്‍ പാചകത്തിന് ഗ്യാസ് നിരോധിച്ചതെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്ന് ഹരി ആവശ്യപ്പെട്ടു.ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സംഘടിപ്പിച്ചിട്ടുളള നവകേരള യാത്ര എന്ന കമ്മ്യുണിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യയാത്രയുടെ പെട്ടിയില്‍ അവസാനത്തെ ആണിയടിക്കാന്‍ ഇവിടുത്തെ കര്‍ഷകരും വ്യവസായികളും വ്യാപാരികളും മുന്നിട്ടിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: