ശബരിമല അയ്യപ്പന്റെ പൂങ്കാവനം പരമപവിത്രമാണ്. അവിടത്തെ വൃക്ഷലതാദികളും പക്ഷിമൃഗാദികളും അയ്യന്റെ തോഴരുമാണ്. പൂക്കളും പുഴുക്കളും പറവകളും പ്രാണികളും പൂങ്കാവനത്തിന്റെ ഭാഗം തന്നെ. ആ വനത്തിലേയ്ക്കാണ് അയ്യന്റെ തൃച്ചേവടികളില്‍ അഭയം തേടി ഭക്തസഹസ്രങ്ങള്‍ മലചവിട്ടുന്നത്. അതുകൊണ്ടുതന്നെയാണ് കല്ലും മുള്ളും ചവിട്ടിവേണം യാത്രയെന്നു പറയുന്നതും. ശബരിമലയുടേയും പുണ്യനദിയായ പമ്പയുടേയും പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഓരോ ഭക്തനും ബാധ്യതയുണ്ട്. അതു പ്രകൃതി സംരക്ഷണം കൂടിയാണ്.
ശബരിമല യാത്രയില്‍ ശ്രദ്ധിക്കേണ്ട ഇത്തരം കാര്യങ്ങളെക്കുറിച്ച് പരിസ്ഥിതി സംരക്ഷണ സമിതി ചില കാര്യങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. നവരത്നങ്ങള്‍ പോലെ മനസ്സില്‍ സൂക്ഷിക്കേണ്ട ആ വിവരങ്ങള്‍ താഴെ.
1.ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കുക.
2.പ്ലാസ്റ്റിക് വസ്തുക്കള്‍ കയ്യിലുണ്ടെങ്കില്‍ അവ മലയില്‍ ഉപേക്ഷിക്കരുത്.
3.അവയെല്ലാം തിരികെ വീട്ടില്‍ എത്തിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുക.
4.ശബരിമലയുടെയും വനത്തിന്റെയും പരിശുദ്ധിയും പവിത്രതയും സംരക്ഷിക്കുക.
5.വനത്തില്‍ പ്ലാസ്റ്റിക്ക്, തുണികള്‍ തുടങ്ങിയവ ഉപേക്ഷിക്കാതിരിക്കുക.
6.അത്തരം വസ്തുക്കള്‍ വന്യമൃഗങ്ങള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ദോഷം ചെയ്യും.
7.പമ്പയില്‍ തുണിയും മറ്റ് വസ്തുക്കളും നിക്ഷേപിക്കരുത്.
8.തോര്‍ത്തും മുണ്ടും പമ്പയില്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല.
9.സ്വാമിമാര്‍ മലയിലോ വീടുകളിലോ ഫലവൃക്ഷങ്ങള്‍ നടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: