കൊച്ചി: നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിചിത്ര ഉത്തരവുമായി പോലീസ്. ആലുവയിൽ മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളനവേദിക്ക് അരികിലെ ഹോട്ടലുകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നതിന് വിലക്ക്. ഭക്ഷണം മറ്റ് സ്ഥലങ്ങളിൽ നിന്ന പാകം ചെയ്ത് കടയിൽ എത്തിച്ച് വിൽക്കാമെന്നും ഉത്തരവിൽ പറയുന്നു. സമ്മേളന വേദിയായി നിശ്ചയിച്ചിരിക്കുന്ന ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള കടയുടമകൾക്കാണ് നിർദേശം.
മുഖ്യമന്ത്രി എത്തുന്ന ദിവസം കടയിലെ ജീവനക്കാർ പോലീസ് സ്‌റ്റേഷനിൽ നിന്നും താൽക്കാലിക തിരിച്ചറിയൽ രേഖവാങ്ങണമെന്നും നോട്ടീസിലുണ്ട്. രേഖയില്ലാത്തവരെ കടയിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും നോട്ടീസിലുണ്ട്. ആലുവ ഈസ്റ്റ് പോലീസാണ് ആലുവയിലെ കടകളിൽ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് നിർദ്ദേശമെന്നാണ് വിശദീകരണം.
ഡിസംബര്‍ ഏഴിനാണ് ആലുവ മണ്ഡലത്തിലെ നവകേരള സദസ്സ് പരിപാടി. പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമുണ്ടാകുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്നാണ് പോലീസിന്റെ വിശദീകരണം.വ്യാപാരികളുടെ വയറ്റത്തടിക്കുന്ന ഈ നിർദ്ദേശത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്. ഒരുദിവസത്തെ വരുമാനം നിഷേധിക്കുന്നതാണ് തീരുമാനമെന്നും കടയുടമകൾ പറയുന്നു.
ഐഡി കാര്‍ഡ് ലഭിക്കുന്നതിനായി ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തി രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വ്യകിതിവിവരങ്ങളും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും കൈമാറണം. പോലീസ് നല്‍കുന്ന കാര്‍ഡ് ഇല്ലാത്ത ആരെയും ഡിസംബര്‍ ഏഴിന് ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: