ന്യൂദല്‍ഹി :വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനില്‍ പോകാന്‍ അനുമതിയില്ല.നിമിഷ പ്രിയയുടെ മോചന ശ്രമത്തിനായി നേരിട്ട് യമനിലേക്ക് പോകണമെന്ന നിമിഷ പ്രിയയുടെ മാതാവിന്റെ ആവശ്യം പുനഃപരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
യമനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ മൂലം എംബസി ജിബുട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ സഹായത്തിന് നയതന്ത്രപ്രതിനിധികള്‍ ഇല്ല. സുരക്ഷ പ്രശ്നങ്ങളുളളതിനാല്‍ തല്ക്കാലം യാത്ര ചെയ്യരുതെന്നുമാണ് വിശദീകരണം. നിമിഷപ്രിയയുടെ കുടുംബം യമനിലെത്തിയാല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിമിഷപ്രിയയുടെ കേസില്‍ സാധ്യമായ നടപടികള്‍ കേന്ദ്രം എടുക്കുന്നുണ്ട്. വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നല്കിയ അപ്പീല്‍ നവംബര്‍ 13-ന് യമന്‍ സുപ്രീം കോടതി തള്ളി.തുടര്‍ നടപടികള്ചര്ച്ച ചെയ്തു തീരുമാനിക്കുമെന്ന് നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരിയുടെ അഭിഭാഷകന് അറിയിച്ചു
പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ ബിസിനസ് പങ്കാളിയായ യമന്‍ പൗരന് തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയതിനാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. എന്നാല്‍ തലാല്‍ അബ്ദുമഹദി പാസ്പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂര പീഡനം നടത്തിയതിനെ തുടര്‍ന്നാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം. 2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: