ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസ പാദത്തില്‍ (2023 ജൂലൈ മുതല്‍ സപ്തംബര്‍ വരെ) രാജ്യം നേടിയത് 7.6 ശതമാനം സാമ്പത്തിക വളര്‍ച്ച (ജിഡിപി). നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് കണക്ക് പുറത്തുവിട്ടത്. സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകളും പ്രവചനങ്ങളും മറികടന്നുള്ള വളര്‍ച്ചയാണിതെന്ന് എക്കണോമിക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.
രണ്ടാം പാദത്തില്‍ ഭാരതം 6.7 ശതമാനം വളര്‍ച്ച (ജിഡിപി) നേടുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. ആര്‍ബിഐ പ്രവചിച്ചിരുന്നത് 6.5 ശതമാനം വളര്‍ച്ചയും. ആദ്യ പാദത്തില്‍ ജിഡിപി 7.8 ശതമാനമായിരുന്നു, നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. രണ്ടാം പാദത്തിലെ യഥാര്‍ഥ ജിഡിപി 41.74 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ യഥാര്‍ഥ ജിഡിപി 38.78 ലക്ഷം കോടിയായിരുന്നു, 6.2 ശതമാനം. വര്‍ദ്ധന 1.4 ശതമാനം.
കൃഷി, ക്ഷീരോല്പ്പാദനം,മത്സ്യബന്ധനം, ഖനനം, ഉത്പാദന മേഖല തുടങ്ങിയ രംഗങ്ങളിലെ വളര്‍ച്ചയാണ്, മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) അഥവാ സാമ്പത്തിക വളര്‍ച്ച ശക്തമാകാന്‍ കാരണം. ഉപഭോക്തൃ ഡിമാന്‍ഡ് 3.13 ശതമാനം വര്‍ദ്ധിച്ചതാണ് മറ്റൊരു സുപ്രധാന കാരണം.
കയറ്റുമതിയില്‍ 4.32 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. സകല മേഖലകളിലും ഡിമാന്‍ഡ് കൂടുന്നതും മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നതും സ്വാഗതാര്‍ഹമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതീക്ഷകളെ കവച്ചുവയ്‌ക്കുന്ന വളര്‍ച്ചയാണ് ഉണ്ടായതെന്ന് കോടക് മഹീന്ദ്ര ബാങ്ക് ചീഫ് എക്കണോമിസ്റ്റ് ഉപാസന ഭരദ്വാജും ആനന്ദ് രതിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ സുജന്‍ ഹജ്‌റയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: