ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കോളജിനെതിരെ നടപടിയെടുത്ത് മുഖം രക്ഷിച്ച കേരള സര്‍വകലാശാല സ്വന്തം വീഴ്ചകള്‍ മറച്ചുപിടിക്കുന്നതായി ആക്ഷേപം.
സംഭവത്തില്‍ കായംകുളം എംഎസ്എം കോളജ് പ്രിന്‍സിപ്പലിന്റെ നിയമന അംഗീകാരം കേരള സര്‍വകലാശാല കഴിഞ്ഞ ദിവസമാണ് റദ്ദാക്കിയത്. ഗുരുതരവീഴ്ച ഉണ്ടായെന്ന് ആരോപിച്ചാണ് നടപടി. നിഖില്‍ തോമസിന്റെ പ്രവേശനത്തിന് സഹായിച്ച ആറ് അദ്ധ്യാപകര്‍ക്കെതിരെയും നടപടിക്ക് നിര്‍ദേശം നല്കി. സര്‍വകലാശാല രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എന്നാല്‍ കോളജിനൊപ്പം, നിഖിലിന്റെ നിയമവിരുദ്ധ പ്രവേശനത്തിന് സര്‍വകലാശാലയും ഒത്താശ ചെയ്തിരുന്നു എന്നാണ് ആക്ഷേപം. നിഖിലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് സര്‍വകലാശാല നല്കിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിഗണിച്ചാണ് നിയമനം നല്‍കിയതെന്നാണ് കോളജിന്റെ വാദം. നിഖില്‍ സമര്‍പ്പിച്ച കലിംഗ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയ്ക്ക് കോളജ് അയച്ചു നല്‍കിയിരുന്നു, യോഗ്യതയുള്ളതെന്നായിരുന്നു ര്‍വകലാശാലയുടെ മറുപടി.
പിജി പ്രവേശനത്തിനുള്ള സമയപരിധി സിന്‍ഡിക്കേറ്റ് ഇടപെട്ട് നീട്ടിവച്ചത് നിഖിലിന് വേണ്ടിയാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ കാലയളവിലാണ് നിഖില്‍ പ്രവേശനം നേടിയത്. സിപിഎം നേതാവായ സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെയായിരുന്നു അന്ന് ആരോപണം ഉയര്‍ന്നിരുന്നത്.
എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് ഒഡീഷയിലെ കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ ബികോം സര്‍ട്ടിഫിക്കറ്റും മൈഗ്രേഷന്‍, ടിസി സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ച് പ്രവേശനം നേടിയെന്നാണ് കേസ്. പോലീസ് അറസ്റ്റ് ചെയ്ത നിഖിലിന് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഎം കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ചില്‍ അംഗമായിരുന്ന നിഖിലിനെ പിന്നീട് പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കി.
കായംകുളം എംഎസ്എം കോളജില്‍ ബികോം പഠനം പൂര്‍ത്തിയാക്കാതെ അതേ കോളജില്‍ വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് നലികി എംകോമിന് ചേര്‍ന്നതാണ് വിവാദമായത്. എസ്എഫ്ഐ പ്രവര്‍ത്തകയാണ് തട്ടിപ്പ് പുറത്തെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: