തൊടുപുഴ: 15 മാസം പ്രായമുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ഇലപ്പള്ളി പാത്തിക്കപ്പാറ ജങ്ഷനില്‍ പാത്തിക്കപ്പാറ ജെയ്സമ്മ (സുനിത-35) യെ ആണ് തൊടുപുഴ ഫസ്റ്റ് അഡീ. ജഡ്ജി നിക്സണ് എം. ജോസഫ് ശിക്ഷിച്ചത്.
ഇളയ മകന് അശ്വിനെ കൊലപ്പെടുത്തിയ ശേഷം ജയ്സമ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 2016 ഫെബ്രു. 16 നായിരുന്നു കേസിനാസ്പദമായ സംഭവം. സമീപത്ത് താമസിക്കുന്ന 96 കാരിയെ തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇവരെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് യുവതി മകനെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവ ദിവസം വീട്ടിലെത്തിയ ജൈയ്സമ്മ രാത്രി ഭര്‍ത്താവും വീട്ടുകാരുമായി വഴക്കിട്ട് മുറിക്കുള്ളില്‍ കയറി വാതിലടച്ചിരുന്നു. പുലര്‍ച്ചെ ഭര്‍ത്താവ് മുറിയില്‍ മുട്ടിവിളിച്ചപ്പോള്‍ ഇവര്‍ ഇരുകൈകളും ബ്ലേഡ് കൊണ്ട് മുറിച്ച നിലയില്‍ ഇറങ്ങിവരികയായിരുന്നു. കുട്ടിയെ മുറിക്കുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തി.
തുടര്‍ന്ന് കേസ് അന്വേഷിച്ച കാഞ്ഞാര്‍ പോലീസ് കുട്ടിയെ കൊന്നതിന് ജെയ്സമ്മക്കെതിരെ കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്. രാജേഷ് ഹാജരായി. എന്നാല്‍ വയോധികയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവം നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇവരുടെ സ്വര്‍ണമാല മോഷണം പോയതായും പരാതിയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ പോലീസ് ചോദ്യം ചെയ്തെങ്കിലും തുമ്പുണ്ടായില്ല. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും തെളിവൊന്നും ലഭിച്ചില്ല. അബോധാവസ്ഥയില്‍ കഴിഞ്ഞ വയോധിക പിന്നീട് മരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: