തിരുവനന്തപുരം: കേന്ദ്ര പദ്ധതികള്‍ താഴേത്തട്ടില്‍ വരെ ക്ഷേമം ഉറപ്പാക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായുള്ള വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഭാഗമായി നെയ്യാറ്റിന്‍കര ചെങ്കലില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീ ശാക്തീകരണം, ആദിവാസി ക്ഷേമം,പൊതുജനാരോഗ്യം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയവക്ക് കേന്ദ്ര ഗവണ്മെന്റ് പ്രഥമ പരിഗണന നല്‍കുന്നു. വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് ഇന്ന് പ്രധാനമന്ത്രി മഹിളാ കിസാന്‍ ഡ്രോണ്‍ കേന്ദ്രക്ക് തുടക്കം കുറിക്കുന്നതെന്നും അവര്‍ പറഞ്ഞു. ദേശീയ തലത്തില്‍ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് പതിനയ്യായിരം ഡ്രോണുകള്‍ വിതരണം ചെയ്യും.
ഇന്ന് വരെ 27.61 കോടി ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ആറ് കോടി പേര്‍ക്കായി 77,298 കോടി രൂപ ഇതിലൂടെ വിതരണം ചെയ്തു.26,735 ആശുപത്രികള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ ശരിയായി നടപ്പിലാക്കാനായി, സംസ്ഥാനം കേന്ദ്ര ഗവണ്മെന്റുമായി കൂടുതല്‍ സഹകരിക്കണമെന്നും അവര്‍ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ജനങ്ങളുമായുള്ള സംവാദവും, പി.എം. മഹിളാ കിസാന്‍ ഡ്രോണ്‍ കേന്ദ്രയുടെയും, പതിനായിരം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം പൂര്‍ത്തി ആക്കിയതിന്റെ ഉദ്ഘാടനവും ഓണ്‍ലൈനായി പ്രദര്‍ശിപ്പിച്ചു.
ആയുഷ്മാന്‍ ഭാരത് കാര്‍ഡ്, പി.എം ഉജ്വല യോജന ഉള്‍പ്പടെ വിവിധ ക്ഷേമ പദ്ധതികളുടെ സൗജന്യ വിതരണം നടന്നു. ചെങ്കല്‍ വില്ലേജിലെ വനിതാ സ്വയം സഹായ സംഘത്തിന് കാര്‍ഷിക ആവശ്യത്തിന് അനുവദിച്ച ഡ്രോണിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
വിവിധ കേന്ദ്ര സര്‍ക്കാരിന്റെ കാര്യാലയങ്ങളുടെ നേതൃത്വത്തില്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു. വികസിത ഭാരത സങ്കല്പ് യാത്രാ വാഹനവും ചെങ്കല്‍ വില്ലേജില്‍ എത്തിയിട്ടുണ്ട്. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ അനുഭവങ്ങള്‍ പങ്ക് വച്ചു.
ചടങ്ങില്‍ സിബിസി തിരുവനന്തപുരം ജോയിന്റ് ഡയറക്ടര്‍ പാര്‍വതി ഐഐഎസ്, കാനറാ ബാങ്ക് ഡി.ജി.എം കെ.എസ് പ്രദീപ്, ലീഡ് ജില്ലാ മാനേജര്‍ ജയമോഹന്‍, ബാങ്ക് ഓഫ് ബറോഡ എ.ജി.എം പ്രഭാകര്‍ റഡ്ഢി, ബാങ്ക് ഓഫ് ബറോഡ മാനേജര്‍ ശ്രുതി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: