ന്യൂദല്‍ഹി: 15,000 വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് ഡ്രോണുകള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഇതിനായി 2024-25 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ 1261 കോടി രൂപ വകയിരുത്തി.
തെരഞ്ഞെടുത്ത 15,000 വനിതാ സ്വയംസഹായസംഘങ്ങള്ക്കാണ് ഡ്രോണുകള്‍ നല്‍കുക. കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കുന്നതിനാണ് ഈ ഡ്രോണുകള്‍. വനിതാ സ്വയംസഹായസംഘങ്ങളെ (എസ്എച്ച്ജി) ശാക്തീകരിക്കാനും കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ സേവനങ്ങളിലൂടെ പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ടുവരാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഡ്രോണുകളുടെ വിലയുടെ 80% കേന്ദ്രധനസഹായമായി വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് നല്‍കും.
പ്രധാന്‍മന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന് – പിഎംജെഎഎന് എംഎഎന്‍ – കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. 24,104 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടിവരിക. ഇതില്‍ 15,336 കോടി രൂപ കേന്ദ്രവിഹിതവും 8,768 കോടി രൂപ സംസ്ഥാനവിഹിതവുമാണ്. ഖുന്തിയില്‍ വച്ച് ജന്‍ജാതിയ ഗൗരവ് ദിവസത്തിലാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്.
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ കേന്ദ്രാവിഷ്കൃത പദ്ധതിയായി 2023 ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ തുടരുന്നതിനും മന്ത്രിസഭായോഗം അംഗീകാരം നല്കി. 1952.23 കോടി രൂപ ചെലവുവരുന്ന പദ്ധതിയില്‍ കേന്ദ്ര വിഹിതം 1207.24 കോടി രൂപയും സംസ്ഥാന വിഹിതം 744.99 കോടി രൂപയുമായിരിക്കും. നിര്‍ഭയ ഫണ്ടില്‍ നിന്നാകും കേന്ദ്ര വിഹിതം നല്‍കുക. 2019 ഒക്ടോബര്‍ രണ്ടിനാണ് പദ്ധതിക്ക് തുടക്കമിട്ടത്.
പതിനാറാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ക്കും യോഗം അംഗീകാരം നല്കി. ഇവ സമയബന്ധിതമായി വിജ്ഞാപനം ചെയ്യും. കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കിയാല് 2026 ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു വര്‍ഷം കാലയളവിലേക്കുള്ളതായിരിക്കും 16-ാം ധനകാര്യ കമ്മീഷന് ശുപാര്‍ശകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: