ന്യൂദല്‍ഹി: ”ഉറപ്പുണ്ടായിരുന്നു സര്‍ക്കാര്‍ ഞങ്ങളെ രക്ഷിക്കുമെന്ന്. വിദേശത്തുള്ള ഭാരതീയരെ യുദ്ധമുഖങ്ങളില്‍ നിന്നു രക്ഷിച്ചതുപോലെ സര്‍ക്കാരിന് തങ്ങളെയും രക്ഷിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു.”, ഉത്തരകാശിയിലെ സില്‍ക്യാര ദന്തല്‍ഗാവ് തുരങ്കത്തില്‍നിന്നു രക്ഷപ്പെടുത്തിയ 41 തൊഴിലാളികളില്‍ ഒരാളായ സബ അഹമ്മദിന്റെ വാക്കുകളില്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള അചഞ്ചല വിശ്വാസം നിറഞ്ഞു നിന്നു.
400 മണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍, തുരങ്കത്തില്‍ നിന്ന് രക്ഷപ്പെടുത്തി, ചിന്യാലിസോര് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കഴിയുകയായിരുന്ന 41 തൊഴിലാളികളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി ഫോണില്‍ സംസാരിച്ചു.
”ഇത്രയേറെ ദിവസങ്ങള്‍ ദുരന്തമുഖത്തായിരുന്നെങ്കിലും സുരക്ഷിതമായി പുറത്തുവന്നതിന് നിങ്ങളെ അഭിനന്ദിക്കുന്നു. വളരെ സന്തോഷമുണ്ട്. അത് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ പോരാ. എന്തെങ്കിലും അപകടമുണ്ടായെങ്കില്‍ എങ്ങനെയാകുമെന്നറിയില്ല. നിങ്ങളെല്ലാവരും സുരക്ഷിതരാണെന്നത് ഈശ്വരാനുഗ്രഹമാണ്. പതിനേഴു ദിവസങ്ങള്‍ ചെറിയ സമയമല്ല. നിങ്ങളെല്ലാം വളരെയധികം ധൈര്യമവലംബിക്കുകയും പരസ്പരം ആത്മവിശ്വാസം പകരുകയും ചെയ്തു. രക്ഷാദൗത്യത്തെക്കുറിച്ച് നിരന്തരം അന്വേഷിക്കാറുണ്ടായിരുന്നു. മുഖ്യമന്ത്രിയുമായി എന്നും ബന്ധപ്പെട്ടിരുന്നു. പിഎംഒ ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്നു. വിവരങ്ങള്‍ അറിഞ്ഞതുകൊണ്ടു മാത്രം ആശങ്ക കുറഞ്ഞിരുന്നില്ല.” പ്രധാനമന്ത്രി പറഞ്ഞു.
തുടര്‍ന്ന് അവര്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു.
”ദിവസങ്ങളോളം തുരങ്കത്തില്‍ കുടുങ്ങിയെങ്കിലും ഭയമോ പരിഭ്രമമോ തോന്നിയില്ല, ഞങ്ങള്‍ സഹോദരങ്ങളെപ്പോലെയായിരുന്നു, അത്താഴത്തിനു ശേഷം ഞങ്ങള്‍ തുരങ്കത്തിലൂടെ നടക്കുമായിരുന്നു. പ്രഭാത നടത്തമുണ്ടായിരുന്നു. യോഗ ചെയ്തു. വിദേശത്തുള്ള ഭാരതീയരെ യുദ്ധമുഖങ്ങളില്‍ നിന്നു രക്ഷിച്ചതുപോലെ സര്‍ക്കാരിന് ഞങ്ങളെയും രക്ഷിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു”, സബ അഹമ്മദ് പ്രധാനമന്ത്രിയോടു പറഞ്ഞു. പ്രധാനമന്ത്രി, ഉത്തരാഖണ്ഡ് സര്‍ക്കാര്‍, മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി, കേന്ദ്രമന്ത്രി വി.കെ. സിങ് എന്നിവരെ അദ്ദേഹം നന്ദി അറിയിച്ചു.
ഉത്തരാഖണ്ഡില്‍ നിന്നുള്ള മറ്റൊരു തൊഴിലാളി ഗബ്ബര്‍ സിങ് നേഗി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും താന്‍ ജോലി ചെയ്യുന്ന കമ്പനിക്കും കേന്ദ്ര സര്‍ക്കാരിനും രാവും പകലും പ്രവര്‍ത്തിച്ച രക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും രക്ഷാപ്രവര്‍ത്തകരെയും മറ്റു തൊഴിലാളികളും അഭിനന്ദിച്ചു.
അവര്‍ക്ക് ആവശ്യമായ ചികിത്സയെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയ ശേഷമാണ് പ്രധാനമന്ത്രി തൊഴിലാളികളോട് സംസാരിച്ചത്. അവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. വീടുകളിലേക്കുള്ള യാത്രയ്ക്ക് മുഖ്യമന്ത്രി അവര്‍ക്ക് സൗകര്യമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: