കേരളത്തിലെ സ്വാതന്ത്ര്യസമരചരിത്രത്തെപ്പറ്റിയുള്ള ഔദ്യോഗിക ഗ്രന്ഥത്തില്‍ കേരളവര്‍മ്മ പഴശ്ശിരാജാവിനെക്കുറിച്ച് രേഖപ്പെടുത്തിയതിങ്ങനെ.’ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിലെ ആദ്യകാല രക്തസാക്ഷികളില്‍ ഒരാളായ പഴശ്ശിരാജ എന്ന പോരാളിയുടെ പേര് ചരിത്രത്തില്‍ പ്രതിഷ്ഠ അര്‍ഹിക്കുന്നു.’ ബ്രിട്ടീഷ് വാഴ്ചയെ വിറപ്പിച്ച പഴശ്ശിരാജ എന്ന പേര് ചരിത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചരിത്രപാഠ്യപദ്ധതികളിലും ഔദ്യോഗിക ചരിത്രപാഠങ്ങളിലും വേണ്ട വിധത്തില്‍ പ്രാധാന്യംനല്‍കിയിട്ടുണ്ടോ എന്ന് സംശയമാണ്.
അധിനിവേശ വിരുദ്ധ പോരാട്ടങ്ങളില്‍ എല്ലാകാലത്തും മാതൃകയാക്കാവുന്നതാണ് കേരളവര്‍മ്മ പഴശ്ശി രാജാവിന്റെ നേതൃത്വത്തില്‍ നടന്ന ചെറുത്തുനില്‍പ്പുകളും പോരാട്ടങ്ങളും. സായുധാക്രമണങ്ങളിലൂടെ അധിനിവേശശക്തിയെ അകറ്റിനിര്‍ത്തുക എന്നതു മാത്രമായിരുന്നില്ല പഴശ്ശിയുടെ നേതൃത്വത്തില്‍ നടന്നത്. അതിനപ്പുറത്ത് തദ്ദേശീയരായ ജനതയുടെ മനസ്സിലും മണ്ണിലും അധിനിവേശ വിരുദ്ധതയുടെ ഉദാത്തമായ ആശയങ്ങള്‍ ബോധ്യപ്പെടുത്തുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുകയെന്ന മഹത്തായ പ്രവര്‍ത്തനങ്ങളും പഴശ്ശി സമരങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും. മണ്ണും മനസ്സും വിശുദ്ധമായി സൂക്ഷിക്കുക എന്ന ആശയമാണ് പഴശ്ശി സമരങ്ങള്‍ മുന്നോട്ടുവെക്കുന്നത്. കൂര്‍ത്തുമൂര്‍ത്ത ആയുധങ്ങളല്ല ഏതു പോരാട്ടത്തിന്റെയും കരുത്തെന്ന് പറയാറുണ്ട്. മറിച്ച് കരുത്തുറ്റ മനസ്സാണ് ഏതുപോരാട്ടത്തിന്റെയും അടിസ്ഥാനം. പഴശ്ശി പോരാട്ടങ്ങള്‍ അനന്തര സമൂഹങ്ങള്‍ക്ക് നല്കിയ ചരിത്രപാഠവും അതു തന്നെയാണ്. ആധുനികമായ ആയുധങ്ങള്‍ക്ക് മുമ്പില്‍ പരമ്പരാഗതമായ ആയുധങ്ങള്‍ക്ക് പിടിച്ചുനില്ക്കാന് കഴിയുമെന്ന് പഴശ്ശി സമരങ്ങള്‍ ഉറപ്പുനല്‍കുന്നത് അതിലെ പോരാളികളുടെ കരുത്തുറ്റ മനസ്സിന്റെ പിന്‍ബലം കൊണ്ടാണ്. അതുകൊണ്ടാണ് ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവര്‍ക്ക് പോരാടാന്‍ സാധിച്ചത്.
മണ്ണും കാടും പുഴകളും ചൂഷണത്തിനുളള വസ്തുക്കളല്ലെന്നും അവയെ അന്യവല്‍ക്കരിക്കപ്പെടാതിരിക്കലാണ് സ്വാതന്ത്ര്യസമരമെന്നും പഴശ്ശിസമരങ്ങള്‍ നമുക്ക് കാണിച്ചു തരുന്നു. ഭഗവതിയും പെരുമാളുമെല്ലാം മണ്ണിനെ അതിന്റെ പവിത്രതയില്‍ നിലനിര്‍ത്താന്‍ നമ്മെ പ്രചോദിപ്പിക്കുന്ന സങ്കല്പങ്ങളാണ്. എല്ലാ തലത്തിലും പിറന്ന മണ്ണില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെടാതിരിക്കാനുളള ഒരു ജനതയുടെ മുന്നേറ്റമായിരുന്നു പഴശ്ശി സമരങ്ങള്‍. അതുകൊണ്ടുതന്നെ അന്യാധീനപ്പെടല്‍ അപകടമാകുന്ന ഏതു കാലഘട്ടത്തിലും പഴശ്ശിസമരങ്ങളുടെ ആശയങ്ങള്‍ പ്രസക്തമാണ്. വൈദേശിക ശക്തികള്‍ക്കെതിരായ പോരാട്ടം അര്‍ത്ഥവത്താകുന്നത് ജനതയുടെ മനസ്സിനെ ദേശീയമായി പുനരാവിഷ്ക്കരിക്കുമ്പോഴാണ്. അതി സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളുടെ ജീവിതവൃത്തികളില്‍ ദേശീയ സമരത്തിന്റെ ബീജംവിതച്ചുവെന്നുള്ളതാണ് പഴശ്ശിസമരത്തിന്റെ മറ്റൊരു സവിശേഷത.
1805 നവംബര്‍ 30ന് പഴശ്ശിരാജ വധിക്കപ്പെട്ടപ്പോള്‍ മലബാറിലെ അന്നത്തെ ബ്രിട്ടീഷ് സബ് കലക്ടറായിരുന്ന ടി. എച്ച്. ബാബര്‍ ‘എത്രയും അസാധാരണവും അപൂര്‍വവുമായ ഒരു സ്വഭാവത്തിന് ഉടമയായി’ പഴശ്ശി രാജാവിനെ രേഖപ്പെടുത്തുന്നു. ‘കമ്പനിക്കെതിരെ ഏതാണ്ട് ഒമ്പത് വര്‍ഷത്തിലധികം കാലം സമരനടപടികള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞ ഒരു മനുഷ്യന്റെ ജീവിതചര്യ അങ്ങനെ അവസാനിച്ചു. അതിനിടയില്‍ ആയിരക്കണക്കിന് വിലപ്പെട്ട ജീവത്യാഗങ്ങളും എല്ലാവിധ കണക്കുകൂട്ടലിനും അപ്പുറത്തുള്ള സമ്പദ് വ്യയവും ആവശ്യമായി വന്നു. അദ്ദേഹത്തെപ്പറ്റി ഭാരതത്തിലും വിദേശങ്ങളിലുമുള്ള രേഖകള്‍ വരും തലമുറയ്ക്ക് ഏതാണ്ടൊരു സങ്കല്പമുണ്ടാക്കാന് ഉപകരിക്കും. അത്തരം രേഖകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ സ്വയാര്‍ജിതവും സ്വാശ്രയത്വമുള്ളതും ആത്മനിര്‍ഭരവുമായ ഒരു സമൂഹ സൃഷ്ടിക്കു വേണ്ടിയാണ് പഴശ്ശിരാജ നിലയുറപ്പിച്ചത് എന്ന് വ്യക്തമാവും.
അധിനിവേശത്തിന്റെ ശക്തികളില്‍ നിന്നും കര്‍ഷകസമൂഹത്തിന് ഉണ്ടായ അസംതൃപ്തിയാണ് പഴശ്ശി സമരങ്ങളുടെ വിസ്ഫോടനത്തിന് ഒരു പ്രധാന കാരണമെന്നതില്‍ തര്‍ക്കമില്ല. കമ്പനിയുടെ നികുതിയിനത്തിലുള്ള പിടിച്ചുപറിക്കെതിരെ ഉണ്ടായ കര്‍ഷകരോഷത്തെ സ്വാതന്ത്ര്യപ്പോരാട്ടത്തിലേക്ക് ഉചിതമായ വിധത്തില്‍ തിരിച്ചുവിടാന്‍ പഴശ്ശി രാജാവിന് സാധിച്ചു. നികുതി നിഷേധത്തിനും കാര്‍ഷിക വൃത്തിയെ ശക്തിപ്പെടുത്തുന്നതിനും അതിലൂടെ തങ്ങളുടെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും പഴശ്ശിരാജ ജനതയെ പ്രേരിപ്പിച്ചു.
പഴശ്ശിയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങള്‍ സാമൂഹ്യ നവീകരണത്തിന്റെ പരിശ്രമങ്ങള്‍ കൂടിയായിരുന്നു. ജാതീയത കൊടികുത്തിവാണു എന്ന് വിശ്വസിക്കുന്ന കാലത്താണ് പഴശ്ശി സമരങ്ങള്‍ രൂപം കൊണ്ടത്. എന്നാല്‍ അക്കാലത്ത് ജാതീയത ഉണ്ടായിരുന്നുവോ എന്ന് സംശയം തോന്നുന്ന തരത്തിലാണ് പഴശ്ശിപ്പോരാട്ടങ്ങള്‍ സംഘടിക്കപ്പെട്ടത്. അക്കാലത്തെ ജനജാതി – ഗോത്ര വിഭാഗങ്ങളെയെല്ലാം കൃത്രിമത്വം തീരെയില്ലാത്ത വിധം ഒന്നിച്ച് അണിനിരത്താന്‍ കഴിഞ്ഞു എന്നത് വിപ്ലവം തന്നെയാണ്. അതുകൊണ്ടുതന്നെ പഴശ്ശി സമരങ്ങള്‍ രാഷ്ട്രീയമുന്നേറ്റങ്ങള്‍ മാത്രമല്ല സാമൂഹ്യ പരിഷ്കരണങ്ങള്‍ കൂടിയായിരുന്നു.
പഴശ്ശി പോരാട്ടങ്ങളുടെ ഭാവാത്മകവും ഹൃദയാവര്‍ജകവുമായ ഒരു ചിത്രം ആര്‍തര്‍ വെല്ലസഌ വരച്ചിടുന്നുണ്ട്. പഴശ്ശി രാജാവിന്റെ നേതൃത്വത്തിലുള്ള ആയിരക്കണക്കിന് കലാപകാരികളുടെ ഭക്ഷണലഭ്യത അദ്ദേഹം പഠനവിധേയമാക്കുന്നു. അതിന് അദ്ദേഹം കണ്ടെത്തുന്ന ഉത്തരം ഓരോ വീട്ടിലും അക്കാലത്ത് ഒരുക്കിയ പൊതിച്ചോറുകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ്. ആ പൊതിച്ചോര്‍ സമ്പ്രദായം പോരാളികള്‍ക്ക് നല്കിയ വീര്യവും ഊര്‍ജവും സഹായവും എത്രയായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ സത്തയും വീര്യവും അടുക്കളകള്‍ വരെ എത്തിയെന്നുള്ളതാണ്, പോരാളികള്‍ക്ക് നല്കിയ പൊതിച്ചോറിന്റെ ഉള്ളടകം വ്യക്തമാക്കുന്നത്.
സ്വദേശി, സ്വാശ്രയത്വം, ആത്മനിര്‍ഭരത തുടങ്ങിയ വാക്കുകളും ആശയങ്ങളും പിന്നീട് സജീവമായതാണ്. അത്തരം ആശയങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന്റെ കാലത്തും ശേഷവും സജീവമായി സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യ സമ്പാദനത്തിനുശേഷം രാഷ്ട്ര ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഇത്തരം ആശയങ്ങള്‍ കുടിയിറക്കപ്പെട്ടു. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് അത്തരം അവഗണിക്കപ്പെട്ട ആശയങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുന്നു. പഴശ്ശിയുടെയും ലക്ഷ്യാപതി സ്വാതന്ത്ര്യ സമര പോരാളികളുടെയും സ്വപ്ന സാക്ഷാത്കാരത്തിന്റെ അമൃതകാലത്തിലേക്കാണ് ഭാരതം കാലൂന്നുന്നത്. അടിസ്ഥാന ജനവിഭാഗത്തെ സാമൂഹ്യമായും സാമ്പത്തികമായും സ്വാശ്രയത്വത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് ആത്മനിര്‍ഭരതയിലൂടെ ഉദ്ദേശിക്കുന്നത്. സ്വയാര്‍ജിതവും സ്വാശ്രയശീലമുള്ളതുമായ സമൂഹത്തിന്റെ സൃഷ്ടിയാണ് സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനുള്ള ഉപാധിയെന്ന് പഴശ്ശിരാജ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ അതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാനാണ് പഴശ്ശിരാജ അക്കാലത്ത് ശ്രമിച്ചത്.
രണ്ടു നൂറ്റാണ്ടുകള്‍ക്കപ്പുറത്തുണ്ടായിരുന്ന അത്തരം ഭരണത്തിന്റെ അനന്തരഫലങ്ങളും സ്വാധീനവും ഇന്നത്തെ വയനാടന്‍ ജനതയില്‍ നമുക്ക് കാണാന്‍ സാധിക്കും. അധിനിവേശത്തിന്റെ പുതിയ ശക്തികള്‍ വയനാട്ടിലെ പരമ്പരാഗത സമൂഹത്തെയും പൈതൃകത്തെയും ഇല്ലായ്മ ചെയ്യാന്‍ എല്ലാ പരിശ്രമവും നടത്തിയിട്ടുണ്ട്. അത്തരം പരിശ്രമങ്ങളുടെ ദു:സ്വാധീനത്താല്‍ പരമ്പരാഗതമായ മൂല്യങ്ങള്‍ പലതും നഷ്ടമാവുന്നുമുണ്ട്. എന്നാല്‍ ദേശീയമായ മൂല്യങ്ങളോട് ചേര്‍ന്ന് നില്ക്കുവാന് ഇവിടുത്തെ ജനതയ്ക്ക് ഒരു പരിധിവരെയെങ്കിലും കഴിയുന്നുവെങ്കില്‍ അത് പഴശ്ശി സമരങ്ങള്‍ സൃഷ്ടിച്ച അലയൊലികളും സ്വാധീനവും കൊണ്ടാണെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: