ന്യൂദല്‍ഹി: അദാനി-ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തില്‍ ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സെബി നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയില്ലെന്നും സെബിയ്ക്കെതിരെ നടപടി വേണമെന്നും വാദിച്ച പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും കടുത്ത മോദി വിരോധിയുമായ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയില്‍ നിന്നും ഈ കേസില്‍ കണക്കിന് വിമര്‍ശനം കിട്ടി. ഇക്കുറി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തന്നെയാണ് പ്രശാന്ത് ഭൂഷണെതിരെ തിരിഞ്ഞത്. ഇതിന് പുറമെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയില്‍ നിന്നും പ്രശാന്ത് ഭൂഷണ് ഇടയ്ക്കും തലയ്ക്കും വിമര്‍ശനങ്ങള്‍ വേറെയും കിട്ടി.
സുപ്രീംകോടതിയുടെ ഈ നിരീക്ഷണങ്ങള്‍ അദാനി ഗ്രൂപ്പിനെ കുറ്റവിമുക്തമാക്കുന്നതിന് സമാനമായിരുന്നു. ഈ സുപ്രീംകോടതിയുടെ അനുകൂല നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ട് ദിവസമായി അദാനി ഗ്രൂപ്പ് ഓഹരികളുടെ വില കുത്തനെ ഉയര്‍ന്നത്. നിക്ഷേപകര്‍ നിയന്ത്രണമില്ലാതെ അദാനി ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിന്റെ പ്രശാന്ത് ഭൂഷണെതിരായ നിരീക്ഷണങ്ങള്‍ മോദി-വിരുദ്ധ, അദാനി- വിരുദ്ധ ഇടത് ആഭിമുഖ്യമുള്ള അഭിഭാഷകരില്‍ വലിയ ആഘാതം ഇതുണ്ടാക്കിയിരുന്നു.
അദാനിയ്ക്കെതിരെ വിമര്‍ശനമുന്നയിച്ച ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടും ഒസിസിആര്‍പി (ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ട്) റിപ്പോര്‍ട്ടും വേദപുസ്തകം പോലെ കണക്കാക്കാനാവില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷണോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്. അദാനി കേസില്‍ സെബിയ്ക്കെതിരെ ആഞ്ഞടിച്ച പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയുടെ വിഷമകരമായ ഒട്ടേറെ ചോദ്യങ്ങളും നേരിടേണ്ടതായി വന്നു. പ്രശാന്ത് ഭൂഷന്റെ അഭിഭാഷക ജീവിതത്തിലെ വലിയൊരു തിരിച്ചടിയായിരുന്നു അദാനി കേസില്‍ സംഭവിച്ചത്.
രണ്ട് വിദേശ നിക്ഷേപകര്‍ വഴി അദാനി ഗ്രൂപ്പ് കമ്പനികളില്‍ ഇന്‍സൈഡര്‍ ട്രേഡിംഗ് (അനധികൃതമായ ഓഹരി വ്യാപാരം) നടക്കുന്നു എന്നതായിരുന്നു ഒസിസിആര്‍പി എന്ന എന്‍ജിഒ സംഘടന ഉയര്‍ത്തിയ ആരോപണം. മോദിയ്ക്കെതിരായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കോടീശ്വരന് ജോര്‍ജ്ജ് സോറോസ് ഫണ്ട് നല്കുന്ന എന്‍ജിഒ ആണ് കൂടുതലായി പത്രപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്ന ഒസിസിആര്‍പി.
ഒസിസിആര്‍പിയുടെ ഈ റിപ്പോര്‍ട്ട് ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബി തള്ളിയിരുന്നു. ഇത് ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ റീസൈക്കിള്‍ ചെയ്ത് ഉണ്ടാക്കിയെടുത്ത ആരോപണങ്ങള്‍ മാത്രമാണെന്ന് അദാനി ഗ്രൂപ്പും ഒസിസിആര്‍പി റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിരുന്നു.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയില്‍ പ്രശാന്ത് ഭൂഷണെതിരെ ആഞ്ഞടിച്ചിരുന്നു. ഒസിസിആര്‍പി കേന്ദ്രസര്‍ക്കാരിന് അവരുടെ അദാനിയ്ക്കെതിരായ റിപ്പോര്‍ട്ടിന്റെ പകുതി മാത്രമാണ് അയച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ സര്‍ക്കാരിന് അത് തരാന്‍ കഴിയില്ലെന്നായിരുന്നു ഒസിസിആര്‍പിയുടെ മറുപടി. പകരം അവര്‍ പ്രശാന്ത് ഭൂഷണുമായി ബന്ധമുള്ള മറ്റൊരു എന്‍ജിഒയെ സമീപിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. ഇത് സര്‍ക്കാര്‍ താല്പര്യങ്ങള്ക്ക് കടകവിരുദ്ധമായ കാര്യമാണ്. സ്വന്തം താല്പര്യാര്ത്ഥം പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാന്‍ തുടങ്ങിയാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണസംവിധാനങ്ങള്‍ക്ക് അര്‍ത്ഥമില്ലാതാകും. – തുഷാര്‍ മേത്ത വിമര്‍ശിച്ചു.
തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ച പ്രശാന്ത് ഭൂഷണ് ഉടനെ 2014ലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) ഒരു കത്തിന്റെ കാര്യം എടുത്തിട്ടു. ബില്ലുകളില്‍ അദാനി വിലകൂട്ടുന്നതായി ആരോപിച്ച് സെബിക്ക് ഡിആര്‍ഐ. നല്കിയ ഈ കത്ത് സെബി തിരിഞ്ഞുനോക്കിയില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ പരാതി. എന്നാല്‍ 2017ല്‍ സെബി അന്വേഷണം പൂര്‍ത്തിയാക്കുകയും ഇതില്‍ ക്രമക്കേടില്ലെന്ന് കണ്ടെത്തിയിരുന്നെന്നും തുഷാര്‍ മേത്ത തിരിച്ചടിച്ചു. അവിടെയും ഇവിടെയും കാണുന്ന റിപ്പോര്‍ട്ടുകളെ ആശ്രയിച്ചാലുണ്ടാകുന്ന പ്രശ്നമാണിതെന്നും തുഷാര്‍ മേത്ത പ്രശാന്ത് ഭൂഷണെ വിമര്‍ശിച്ചു.
നമ്മള് വെറുതെ അവിടെ നിന്നും ഇവിടെ നിന്നും വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൂടെന്നും ശ്രദ്ധ ചെലുത്തണമെന്നും സുപ്രീംകോടതിയും പ്രശാന്ത് ഭൂഷണെ ഈ അവസരത്തില്‍ വിമര്‍ശിച്ചു.
വിദേശ പത്രങ്ങളില്‍ വന്നതും ഒസിസിആര്‍പി പ്രസിദ്ധീകരിച്ചതും ആയ അദാനിയ്ക്കെതിരായ റിപ്പോര്‍ട്ടുകള്‍ സെബി സ്വീകരിച്ചില്ലെന്നതായിരുന്നു പ്രശാന്ത് ഭൂഷന്റെ അടുത്ത പരാതി. എന്നാല്‍ വിദേശപത്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സെബിയെ സംബന്ധിച്ചിടത്തോളം തെളിവായി കണക്കാക്കാനുള്ള മൂല്യമുള്ളവയല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പത്രപ്രവര്‍ത്തകര്‍ക്ക് രേഖകള്‍ കിട്ടുന്നെങ്കില്‍ എന്തുകൊണ്ട് അന്വേഷണം നടത്തുന്ന സെബിക്ക് അത് കിട്ടുന്നില്ലെന്നതായിരുന്നു പ്രശാന്ത് ഭൂഷന്റെ അടുത്ത ചോദ്യം. സെബി തെളിവുകളുടെ മൂല്യം നിശ്ചയിക്കുന്ന നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള സ്ഥാപനമാണെന്നും സെബി മേല്‍ സ്ഥാപനങ്ങളോട് മറുപടി പറയാന്‍ ബാധ്യതയുള്ള സ്ഥാപനമാണെന്നും സെബിക്ക് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ടുകളെ മാത്രം കണക്കിലെടുത്ത് പ്രവര്‍ത്തിക്കാനാവില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് ഭൂഷണോട് പറഞ്ഞു. നമുക്ക് എങ്ങിനെയാണ് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ടുകളെ വിശ്വസിക്കാന്‍ കഴിയുക അവ വിശ്വസനീയമാണെന്ന് എങ്ങിനെ പറയും?- ഡി.വൈ. ചന്ദ്രചൂഡ് പ്രശാന്ത് ഭൂഷണോട് ചോദിച്ചു.
രാജ്യത്തെ നയങ്ങള്‍ സ്വാധീനിക്കാനായി ഇന്ത്യയ്ക്ക് പുറത്ത് കഥകള്‍ മാധ്യമങ്ങളില്‍ നട്ടുപിടിപ്പിക്കുകയാണെന്നും പ്രചരിപ്പിക്കുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രശാന്ത് ഭൂഷണെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.
നിങ്ങള്‍ പറയുന്നു ധാരാളം തെളിവുകളുണ്ടെന്ന്. എന്തൊക്കെയാണവ..?.ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് ഉദ്ധരിച്ച പ്രശാന്ത് ഭൂഷണോട് കോടതി ചോദിച്ചു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ സത്യമായി കണക്കാക്കാനാവില്ല. അതുകൊണ്ടാണ് കോടതി സെബിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. ഒരു പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സത്യത്തിന്റെ വേദപുസ്തകങ്ങളായി കണക്കാക്കാനാവില്ല- സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇത് പറഞ്ഞപ്പോള്‍ പ്രശാന്ത് ഭൂഷണ് തിരിച്ചുവാദിക്കാന്‍ ഒന്നും കയ്യിലില്ലായിരുന്നു.
സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി നടത്തിയ അന്വേഷണത്തിലും അദാനിയ്ക്കെതിരെ തെറ്റുകള്‍ കണ്ടെത്താനായില്ല. സെബിയുടെ ഭാഗത്തും നിയന്ത്രണസംവിധാനങ്ങള്‍ പാലിക്കുന്നതില്‍ പിഴവൊന്നുമുണ്ടായില്ലെന്നും ഈ സമിതി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: