ന്യൂയോര്‍ക്ക്: പാലസ്തീന്‍ ജനതയ്‌ക്ക് പിന്തുണ ആവര്‍ത്തിച്ചും ഭീകരതയോട് ഒരുതരത്തിലും വിട്ടുവീഴ്ചയ്‌ക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ചും യുഎന്‍ പൊതുസഭയിലെ ഭാരത സ്ഥിരാംഗം രുചിര കാംബോജ്. അന്താരാഷ്‌ട്ര പാലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു രുചിര. പാലസ്തീന്‍ ജനതയുമായി ഭാരതത്തിന് ആഴത്തില്‍ വേരൂന്നിയ ബന്ധമാണുള്ളത്. ആ ബന്ധം വിള്ളലുകളില്ലാതെ തുടരും. ഭാരതത്തിന് ഭീകരതയോട് സഹിഷ്ണുതയില്ലാത്ത സമീപനമാണ് ഉള്ളത്. അന്താരാഷ്‌ട്ര മാനുഷിക നിയമം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. പൗരന്മാരുടെ കൂട്ടക്കൊല അംഗീകരിക്കാനാകില്ല. അത് അപലപിക്കേണ്ടതാണ്.
പാലസ്തീനിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തിക്കുന്നതില്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണം. 16.5 ടണ്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെ 70 ടണ്‍ സാധനങ്ങള്‍ ഭാരതം പാലസ്തീനിലേക്ക് അയച്ചിട്ടുണ്ട്, രുചിര കാംബോജ് ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടന്നത് ഞെട്ടിപ്പിക്കുന്ന ഭീകരാക്രമണമാണ്. തീവ്രവാദത്തിനും ബന്ദികളാക്കലിനും ഒരു ന്യായീകരണവുമില്ല. ഭാരതത്തിന്റെ ചിന്തകള്‍ ബന്ദികളാക്കപ്പെട്ടവരോടൊപ്പമാണ്. ശേഷിക്കുന്ന ബന്ദികളെ ഉടനടി നിരുപാധികം മോചിപ്പിക്കണം, അവര്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും മേഖലയിലെയും അതിനപ്പുറമുള്ള നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി. സംയമനത്തിനൊപ്പം ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിന് അവര്‍ ഊന്നല്‍ നല്കിയിട്ടുണ്ട്. ഭാരതം എല്ലായ്‌പ്പോഴും ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നത്തിന് ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തെ പിന്തുണച്ചിട്ടുണ്ട്, ഇത് പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പാലസ്തീന്‍ രാഷ്‌ട്രം സ്ഥാപിക്കുന്നതിലേക്ക് നയിക്കും.
സുരക്ഷിതവും അംഗീകൃതവുമായ അതിര്‍ത്തികള്‍ക്കുള്ളില്‍, ഇസ്രായേലിന് അരികില്‍ത്തന്നെ സമാധാനത്തോടെ കഴിയുന്ന പാലസ്തീനാണ് ഭാരതം ആഗ്രഹിക്കുന്നത്. ഉഭയകക്ഷി വികസന പങ്കാളിത്തത്തിലൂടെ പാലസ്തീന്‍ ജനതയെ ഭാരതം പിന്തുണയ്‌ക്കുന്നത് തുടരുമെന്നും കാംബോജ് ഊന്നിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: