കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ കേസെടുത്തെങ്കിലും കടുത്ത നടപടികള്‍ പാടില്ലെന്ന് പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 14വരെയാണ് കടുത്ത നടപടികള്‍ ഹൈക്കോടതി വിലക്കിയിരിക്കുന്നത്. സീനിയര്‍ അഭിഭാഷകന് മഹേഷ് ജെത് മലാനിയാണ് കേന്ദ്രമന്ത്രിക്ക് വേണ്ടി ഹാജരായത്.
രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ നടത്തിയ ട്വീറ്റിന്റെ പേരിലാണ് പൊലീസ് നേരത്തെ കേസെടുത്തത്. പിന്നീട് കളമശേരി സ്ഫോടനസ്ഥലം സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും കേന്ദ്രമന്ത്രി തന്റെ പ്രസ്താവന ആവര്‍ത്തിച്ചു. വിദ്വേഷം പ്രചരിപ്പിച്ചു, സമൂഹങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് രണ്ട് കേസുകളാണ് രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരെണ്ണം ഒരു കോണ്‍ഗ്രസ് നേതാവ് നല്കിയ കേസാണ്. രണ്ട് കേസുകളും റദ്ദാക്കണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് വിധി പറഞ്ഞത്. കേന്ദ്രമന്ത്രിക്കെതിരെ ഡിസംബര്‍ 14വരെ കടുത്ത നടപടികള്‍ പാടില്ലെന്ന് പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
യൂത്ത് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി.സരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. മതേതരത്വം തകര്‍ക്കുന്ന പ്രസ്താവനയാണ് രാജീവ് ചന്ദ്രശേഖറിന്റേത് എന്ന് പി.സരിന് നല്കിയ പരാതിയിലും പൊലീസ് കേസെടുത്തിരുന്നു.
“കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രീണനരാഷ്ട്രീയത്തിന് സാധാരണജനങ്ങളാണ് ഇരയാകേണ്ടിവരുന്നത്. അതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. കേരളത്തില്‍ ജിഹാദ് ആഹ്വാനം ചെയ്യാനും വെറുപ്പ് പരത്താനും ഹമാസ് നേതാവിനെ ക്ഷണിച്ചതും ഈ നാണംകെട്ട പ്രീണനരാഷ്ട്രീയത്തിന്റെ ഭാഗമാണ്.- രാജീവ് ചന്ദ്രശേഖറിന്റെ സമൂഹമാധ്യമപോസ്റ്റ് പറയുന്നു. ” ഇത് നിരുത്തവാദ രാഷ്ട്രീയ ഭ്രാന്തിന്റെ അങ്ങേയറ്റമാണ്. പാമ്പുകളെ തൊടിയില്‍ വളര്‍ത്തുകയും അത് അന്യനെ മാത്രമേ കടിക്കുകയുള്ളൂ എന്ന് ചിന്തിക്കുന്നത് പോലെയാണിത്. പക്ഷെ ആ പാമ്പ് പിന്നീട് തൊടിയില്‍ കാണുന്ന ആരേയും കടിക്കും എന്ന് മറക്കരുത്” എന്ന ഹിലരി ക്ലിന്റന്റെ ഒരു വാചകവും രാജീവ് ചന്ദ്രശേഖര്‍ ഉദ്ധരിക്കുന്നുണ്ട്.
രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. കേന്ദമന്ത്രി വര്‍ഗ്ഗീയവിഷം ചീറ്രുന്നു എന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതിനിടെ കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്റ് കാലാവധി നീട്ടി. ഡിസംബര്‍ 26വരെയാണ് റിമാന്റ് നീട്ടിയത്. നവമ്പര്‍ 29 വരെയായിരുന്നു നേരത്തെ കോടതി മാര്‍ട്ടിനെ റിമാന്റ് ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: