തൃശൂർ: വിജിലന്‍സ് കോടതിയില്‍ പാമ്പ് കയറി. തൃശൂരിലാണ് സംഭവം. കോടതി ഹാളിന് പുറത്തിരുന്ന സാക്ഷിയാണ് ജീവനക്കാര്‍ ഇരിക്കുന്ന ക്യാബിനില്‍ പാമ്പിനെ കണ്ടത്. ഇതോടെ ഒരുമണിക്കൂറോളം കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.
ഉച്ചയ്‌ക്ക് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്. സാക്ഷി പറയാനെത്തിയ വ്യക്തി, കോടതി ജീവനക്കാര്‍ ഇരിക്കുന്ന ക്യാബിനില്‍ ഫയലുകള്‍ക്കിടയിലൂടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്നതായി കണ്ടു. ഉടന്‍തന്നെ ഇക്കാര്യം ജീവനക്കാരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ജീവനക്കാര്‍ ഒരുമണിക്കൂറോളം തിരച്ചില്‍ നടത്തിയിട്ടും പാമ്പിനെ കണ്ടെത്തിയില്ല.
ഇതോടെ ജീവനക്കാര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പില്‍ നിന്നെത്തിയവര്‍ അരമണിക്കൂറോളം നീണ്ട തിരച്ചിലൊടുവില്‍ പാമ്പിനെ കണ്ടെത്തി പിടികൂടി. ചേരപ്പാമ്പിനെയാണ് പിടിച്ചത്.
















