പതിനേഴ് ദിവസം… 41 തൊഴിലാളികള്‍… അവരെ പുറത്തെത്തിക്കാന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ നാള്‍വഴികള്‍
നവംബര്‍ 12
രാവിലെ 5.30. സില്‍ക്യാരയിലെ തുരങ്കത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പെട്ടെന്നാണ് തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണത്. ഒപ്പമുണ്ടായിരുന്നവര്‍ തുരങ്കത്തിനുള്ളില്‍ കൂടുങ്ങിയെന്നറിഞ്ഞ് തൊഴിലാളികള്‍ സംസ്ഥാന ദുരന്ത നിവാരണ സേനയെ വിവരമറിയിക്കുന്നു. രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു.
നവംബര്‍ 13
രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ രണ്ട് ദിനങ്ങളില്‍ തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമമായിരുന്നു. നീക്കം ചെയ്യുന്തോറും കൂടുതല്‍ അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചുകൊണ്ടിരുന്നു. പിന്നീട് ഷോട്ട്ക്രീറ്റ് സംവിധാനമുപയോഗിച്ച് അവശിഷ്ടങ്ങള്‍ താഴേക്ക് പതിക്കുന്നത് തടഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഒരു സുരക്ഷിത പാതയൊരുക്കി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
നവംബര്‍ 14
ട്രഞ്ച്ലെസ് മെതേഡിലൂടെ തൊഴിലാളികളിലേക്കെത്താന്‍ ശ്രമം. തുരങ്കത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഡ്രില്‍ ചെയ്ത് അതിലൂടെ 900 മില്ലീമീറ്റര്‍ വ്യാസമുള്ള പൈപ്പ് കടത്തിവിടുകയായിരുന്നു ലക്ഷ്യം. ഇതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനായിരുന്നു പദ്ധതി. ഓഗര്‍ മെഷീന് ഉപയോഗിച്ച് ഡ്രില്ലിങ് ആരംഭിച്ചു. രണ്ട് മീറ്റര്‍ ഡ്രില്‍ ചെയ്തപ്പോഴേക്കും യന്ത്രം തകരാറിലായി.
നവംബര്‍ 15
ഡ്രില്ലിങ് തുടരുന്നതിനായി കൂടുതല്‍ ശക്തമായ അമേരിക്കന്‍ ഓഗര്‍ മെഷീന് ദല്‍ഹിയില്‍ നിന്ന് എത്തിച്ചു. ഹെര്ക്കുലീസിന്റെ രണ്ട് സി-130 വിമാനങ്ങളിലാണ് യന്ത്രം ഡെറാഡൂണിലെത്തിച്ചത്. വിവിധ ഭാഗങ്ങളായി തുരങ്കത്തിലെത്തിച്ച യന്ത്രം സംയോജിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
നവംബര്‍ 16
ഓഗര്‍ മെഷീനുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അരമണിക്കൂറിനുള്ളില്‍ മൂന്ന് മീറ്ററാണ് തുരന്നത്. വൈകിട്ട് 4.30യോടെ ഒന്‍പത് മീറ്റര്‍ തുരന്നു.
നവംബര്‍ 17
ഇരുപത്തിരണ്ട് മീറ്റര്‍ തുരന്നെത്തിയപ്പോഴെക്കും മെഷീന് തകരാറിലായി. തുരങ്കത്തിലെ ലോഹ അവശിഷ്ടങ്ങളില്‍ തട്ടിയ മെഷീന്റെ ബെയറിങ്ങുകള്‍ക്ക് തകരാര്‍ സംഭവിക്കുകയായിരുന്നു. ഇതിന് പകരം ഇന്‍ഡോറില്‍ നിന്ന് പുതിയ മെഷീന് എത്തിക്കാന്‍ തീരുമാനമായി. ഉച്ചയ്ക്ക് ശേഷം തുരങ്കത്തിനുള്ളില്‍ നിന്ന് വലിയ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്. തുരങ്കം തകര്‍ന്നപ്പോള്‍ കേട്ട ശബ്ദത്തിന് സമമായിരുന്നു ഇതെന്ന് തൊഴിലാളികള്‍. രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചു.
നവംബര്‍ 18
ദുരന്ത മുഖത്തേക്ക് ഉന്നത ഉദ്യോഗസ്ഥരും നേതാക്കന്മാരും തൊഴിലാളികളുടെ ബന്ധുക്കളും എത്തിത്തുടങ്ങി. രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്തു. ഇന്‍ഡോറില്‍ നിന്ന് പുതിയ മെഷീന് എത്തിച്ചു.
നവംബര്‍ 19
രക്ഷാപ്രവര്‍ത്തനത്തിന് അഞ്ച് ബദല്‍ മാര്‍ഗങ്ങള്‍ തയാറാക്കി. ഇതിന്റെ ഏകോപന ചുമതല പ്രധാനമന്ത്രിയുടെ ഓഫീസ് ഏറ്റെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികളായ ഒഎന്‍ജിസി, സത്ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡ്, റെയില്‍ വിഗാസ് നിഗം ലിമിറ്റഡ്, നാഷണല്‍ ഹൈവേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ്, ടെഹ്റി ഹൈഡ്രോ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് എന്നിവയ്ക്ക് വിവിധ ചുമതലകള്‍ നല്കി.
നവംബര്‍ 20
തൊഴിലാളികള്‍ക്ക് കൂടുതല്‍ ആഹാരവും അവശ്യവസ്തുക്കളും എത്തിച്ച് നല്‍കാനായി.
നവംബര്‍ 21
തൊഴിലാളികള്‍ക്ക് ആഹാരവും വെള്ളവും മറ്റും നല്‍കിവരുന്ന പൈപ്പിലൂടെ എന്‍ഡോസ്കോപിക് ക്യാമറ കടത്തിവിട്ടു. അതുവഴി തൊഴിലാളികളുമായി ആശയവിനിമയം നടത്തി. തുരങ്കത്തില്‍ കുടുങ്ങി പത്ത് ദിവസങ്ങള്‍ക്കിപ്പുറം അവര്‍ക്ക് പഴവര്‍ഗങ്ങളും വേവിച്ച ആഹാരവും എത്തിച്ചു.
നവംബര്‍ 22
പുലര്‍ച്ചെ 12.45ന് വീണ്ടും ഡ്രില്ലിങ് ആരംഭിച്ചു. വൈകിട്ട് നാലോടെ 45 മീറ്റര്‍ തുരന്നു. അവശേഷിച്ചിരുന്നത് 10-15 മീറ്റര്‍. തൊഴിലാളികളെ ഉടന്‍ പുറത്തെത്തിക്കാമെന്ന് പ്രതീക്ഷയേറി.
നവംബര്‍ 23
അതിരാവിലെ ഡ്രില്ലിങ് ആരംഭിച്ചു. ആംബുലന്‍സുകള്‍ സജ്ജമാക്കി. വൈദ്യ പരിശോധനയ്ക്കുള്ള വിദഗ്ധ സംഘവും തയാര്‍. വീണ്ടും അവശിഷ്ടങ്ങളില്‍ തട്ടി മെഷീന് തകരാറില്‍.
നവംബര്‍ 24
രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. മെഷീന് റിപയര്‍ ആവശ്യമായി വന്നു. ഇനിയും 15 മീറ്റര്‍ തുരക്കാനുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു.
നവംബര്‍ 25
രക്ഷാപ്രവര്‍ത്തനത്തിന്റെ പതിനാലാം ദിവസം. ഓഗര്‍ മെഷീന് പൈപ്പിനുള്ളില്‍ കുടുങ്ങി. തുരങ്കത്തിന്റെ വശങ്ങളില് നിന്നുള്ള ഡ്രില്ലിങ്ങിന് ശ്രമമാരംഭിച്ചു. തൊഴിലാളികള്‍ക്ക് ഫോണ്‍ എത്തിച്ചു നല്കി. അവരുടെ സമ്മര്ദമൊഴിവാക്കാനായി ചെസ് ഉള്‍പ്പെടെയുള്ള ബോര്‍ഡ് ഗെയിമുകളും നല്കി.
നവംബര്‍ 26
മാനുവല്‍ ഡ്രില്ലിങ് കൂടാതെ തുരങ്കത്തിന് മുകളില്‍ നിന്നും ഡ്രില്ലിങ് ആരംഭിച്ചു. വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങില്‍ 86 മീറ്ററാണ് തുരക്കേണ്ടത്. 19.2 മീറ്റര്‍ തുരക്കാനായി. പൈപ്പിനുള്ളില്‍ കുടുങ്ങിയ ഓഗര്‍ മെഷീന് പുറത്തെടുത്തു. ഹൈദരാബദില്‍ നിന്നെത്തിച്ച പ്ലാസ്മ കട്ടര്‍ ഉപയോഗിച്ചാണ് ഓഗര്‍ മെഷീന് പുറത്തെടുത്തത്.
നവംബര്‍ 27
മാനുവല്‍ ഡ്രില്ലിങ്ങിനായ പരിശീലനം നേടിയ തൊഴിലാളികള്‍ എത്തി. സഹായത്തിനായി സൈന്യവും സജ്ജം. കൈകളുപയോഗിച്ചായിരുന്നു പ്രധാനമായും തുരന്നത്. റാറ്റ് ഹോള്‍ മൈനിങ് എന്ന വിദ്യയും മറ്റ് പല ആയുധങ്ങളും ഉപയോഗിച്ചു. ഇതുവഴി 800 മില്ലീ മീറ്റര്‍ വ്യാസമുള്ള പൈപ്പുകള്‍ കടത്തിവിടാനാണ് പദ്ധതി.
നവംബര്‍ 28
മാനുവല്‍ ഡ്രില്ലിങ് വിജയത്തിലേക്ക്. തൊഴിലാളികളിലേക്കെത്താന്‍ രണ്ടു മീറ്റര്‍. ആംബുലന്‍സുകളും മറ്റ് സംവിധാനങ്ങളെല്ലാം സജ്ജം. രാത്രി എട്ടോടെ തൊഴിലാളികളില്‍ ആദ്യത്തെയാള്‍ പുറത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: