കൊച്ചി: അതിഥി തൊഴിലാളി ദമ്പതികളുടെ വിശന്നുതളർന്ന കുഞ്ഞിന് മുലയൂട്ടി കാരുണ്യം ചുരത്തിയ വനിതാ സിവിൽ പോലീസ് ഓഫീസർക്ക് പശ്ചിമബംഗാൾ ഗവർണറുടെ ‘മിഷൻ കംപാഷൻ’ പുരസ്കാരവും കീർത്തിപത്രവും. ഒരു ദിവസത്തെ കേരളസന്ദർശനത്തിനിടയിൽ ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസിന്റെ ഹൃദയത്തിൽ പതിഞ്ഞ ഒരു പത്രവാർത്തലൂടെയാണ് രാജ്ഭവന്റെ ‘മിഷൻ കംപാഷൻ’ ആര്യ എന്ന സിവിൽ പോലീസ് ഓഫീസറെ തേടിയെത്തിയത്.
ബിഹാർ സ്വദേശികളായ അച്ഛൻ ജയിലിലും അമ്മ ആശുപത്രിയിലുമായപ്പോൾ ഒറ്റപ്പെട്ട നാലുമക്കളുടെ താൽക്കാലിക സംരക്ഷണം പോലീസ് സ്റ്റേഷൻ ജീവനക്കാർ ഏറ്റെടുത്തു. നാലുമാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ മറ്റൊന്നും ആലോചിക്കാതെ സ്വന്തം കുഞ്ഞായിക്കണ്ട് പാലൂട്ടിയ ആര്യ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിലെ ജീവനക്കാരിയാണ്, വൈക്കം സ്വദേശിനിയും. ഒമ്പതുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. പ്രസവാവധി കഴിഞ്ഞ് മൂന്നുമാസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്.
ഹൃദയസ്പർശിയായ വാർത്ത വായിച്ച ആനന്ദബോസ് അപ്പോൾതന്നെ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു. ആര്യയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഗവർണർ പദവിയിൽ ഒന്നാം വർഷം പൂർത്തിയാക്കിയപ്പോൾ നടപ്പാക്കിയ ‘മിഷൻ കംപാഷൻ’ ജീവകാരുണ്യ പദ്ധതിയിലുൾപ്പെടുത്തി 20,000 രൂപയും ഫലകവും കീർത്തിപത്രവുമുൾപ്പെട്ട ഗവർണേഴ്സ് എക്സലൻസ് ഇൻ സർവീസ് പുരസ്കാരവും പ്രഖ്യാപിച്ചു.
‘ആശയങ്ങളുടെ തമ്പുരാൻ’ എന്ന് പേരുകേട്ട ആനന്ദബോസിന്റെ അപ്രതീക്ഷിതമായ ഈ അഭിനന്ദനം അടക്കാനാവാത്ത വിസ്മയത്തോടെയാണ് ആര്യയും കുടുംബവും സഹപ്രവർത്തകരും ഏറ്റുവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: