നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കഴിഞ്ഞ കുറേക്കാലമായി പരമാവധി ഊതിവീര്‍പ്പിച്ച് പറത്തിവിട്ടുകൊണ്ടിരുന്ന ബലൂണുകള്‍ കേരള സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഒന്നൊഴിയാതെ കുത്തിപ്പൊട്ടിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്നും, അര്‍ഹമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കാതെ ദ്രോഹിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടാളികളും നവകേരള സദസ്സിലുള്‍പ്പെടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് നിര്‍മല സീതാരാമന്‍ തെളിവുസഹിതം വിശദീകരിച്ചിരിക്കുകയാണ്. കേരളത്തിന് അര്‍ഹമായ എല്ലാ വിഹിതവും കേന്ദ്രം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ കേന്ദ്രധനമന്ത്രി, വിധവ-വാര്‍ധക്യ പെന്‍ഷനുകള്‍ക്ക് തുക നല്‍കുന്നില്ലെന്ന ആരോപണം തെറ്റാണെന്നും, ഒക്‌ടോബര്‍ വരെയുള്ള മുഴുവന്‍ തുകയും നല്‍കിയിട്ടുണ്ടെന്നും കണക്കുകള്‍ ഉദ്ധരിച്ച് പറയുകയുണ്ടായി. ദേശീയ സാമൂഹ്യ സഹായ പദ്ധതികള്‍, യുജിസി ശമ്പള പരിഷ്‌കരണം, അടിസ്ഥാനസൗകര്യ വികസനത്തിനുള്ള മൂലധന നിക്ഷേപ സഹായം, ആരോഗ്യ ഗ്രാന്റ്, ദേശീയ ഭക്ഷ്യസുരക്ഷ, ജിഎസ്ടി നഷ്ടപരിഹാരം തുടങ്ങിയവയെല്ലാം കേരളത്തിന് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രധനമന്ത്രി വ്യക്തമാക്കുമ്പോള്‍ ഇതു സംബന്ധിച്ചൊക്കെ മുഖ്യമന്ത്രിയും കൂട്ടാളികളും നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചാരണമാണ് പൊളിഞ്ഞിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ യാതൊരു ലജ്ജയുമില്ലാതെ കള്ളം പറഞ്ഞുകൊണ്ടിരിക്കുന്ന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കേന്ദ്രമന്ത്രി നല്‍കിയ വിശദീകരണത്തോട് പ്രതികരിക്കാതെ മാളത്തില്‍ ഒളിച്ചിരിക്കുകയാണ്.
രാഷ്‌ട്രീയ സദാചാരം തൊട്ടുതീണ്ടാത്ത വിധത്തിലും സംസ്‌കാരശൂന്യമായും കള്ളം പ്രചരിപ്പിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളെ അട്ടിമറിച്ച് ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തിന് അര്‍ഹമായ പല ആനുകൂല്യങ്ങളും ധനവകുപ്പിന്റെ അനാസ്ഥകൊണ്ടും കെടുകാര്യസ്ഥതകൊണ്ടും കിട്ടാതെ പോവുകയും ചെയ്യുന്നു. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശപ്രകാരം കോളജ് അധ്യാപകരുടെ ശമ്പളം പരിഷ്‌കരിച്ച സംസ്ഥാനങ്ങള്‍ക്ക് കുടിശികയുടെ 50 ശതമാനം കേന്ദ്രം നല്‍കും. എന്നാല്‍ ഇതിനായി കേരളം സമര്‍പ്പിച്ച അപേക്ഷ അപൂര്‍ണമാണ്. എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതു ചെയ്യാതെ കേന്ദ്രവിഹിതം നഷ്ടപ്പെടുത്തുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്. ഇതുപോലെ സാമൂഹ്യസുരക്ഷാ പെന്‍ഷന്റെ രണ്ടു ഗഡുവിനുള്ള ശുപാര്‍ശയും കേരളം നല്‍കിയിട്ടില്ല. കേന്ദ്രപദ്ധതികള്‍ പേരുമാറ്റി നടപ്പാക്കുകവഴിയും കേരളത്തിന് പണം നഷ്ടമാവുകയാണ്. ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ മില്യണ്‍ പ്ലസ് സിറ്റികള്‍ക്കുള്ള കേന്ദ്ര ഗ്രാന്റിന്റെ ബാക്കി തുകയും കേരളത്തിന് ലഭിച്ചിട്ടില്ല. ജിഎസ്ടി നഷ്ടപരിഹാര സെസില്‍നിന്നുള്ള വിഹിതം എജിയുടെ കണക്കുമായി സമീപിക്കാത്തതിനാല്‍ കേന്ദ്രം അനുവദിച്ചിട്ടില്ല. ഇങ്ങനെ കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും ഒരു പരമ്പരയാണ് കേരള സര്‍ക്കാരിന്റെ ധന മാനേജ്‌മെന്റ്. ഇത് മറച്ചുപിടിച്ചുകൊണ്ടാണ് കേന്ദ്രം അവഗണിക്കുന്നു, രാഷ്‌ട്രീയമായി പകപോക്കുന്നു എന്നൊക്കെ മുഖ്യമന്ത്രിയും ധനമന്ത്രിയും കുപ്രചാരണം നടത്തുന്നത്. ഇവരുടെ തനിനിറമാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
സത്യാവസ്ഥ പുറത്തുവന്നിട്ടും കുപ്രചാരണത്തിലൂടെ വീണ്ടും പിടിച്ചുനില്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. കേന്ദ്രധനമന്ത്രിയുടെ വെളിപ്പെടുത്തലുകളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇതാണ് കാണിക്കുന്നത്. നിര്‍മല സീതാരാമന്റെ വിമര്‍ശനത്തോട് പ്രതികരിക്കാതെ തരംതാണ രാഷ്‌ട്രീയ പ്രസംഗം നടത്തുകയാണ് പിണറായി വിജയന്‍. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കേന്ദ്രമന്ത്രി പറഞ്ഞതെന്ന് ആക്ഷേപിക്കുന്ന പിണറായി ഏതു കാര്യത്തിലാണ് അങ്ങനെ ചെയ്തതെന്ന് വ്യക്തമാക്കുന്നില്ല. സൗജന്യമോ ഔദാര്യമോ വേണമെന്നല്ല പറയുന്നതെന്നും, ശത്രുതാപരമായ നിലപാട് പാടില്ലെന്നുമൊക്കെ നിരുത്തരവാദപരമായി പ്രസംഗിക്കുന്ന മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രസഹായം സൗജന്യവും ഔദാര്യവുമാണെന്ന് ആരും പറഞ്ഞിട്ടില്ല. ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാരല്ല, സിപിഎമ്മും സംസ്ഥാന സര്‍ക്കാരുമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കുന്നത് നിയമവും മാനദണ്ഡവും നോക്കിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസനിധിയില്‍നിന്ന് ഇഷ്ടക്കാര്‍ക്ക് വാരിക്കോരി നല്‍കുന്നതുപോലെ മോദി സര്‍ക്കാര്‍ നികുതിപ്പണം ചെലവഴിക്കില്ല. കണക്കുകള്‍ സമര്‍പ്പിക്കാതെയും രേഖകള്‍ ഹാജരാക്കാതെയും പണം വേണമെന്ന് മുറവിളി കൂട്ടിയാല്‍ കണ്ണുമടച്ച് എടുത്തു നല്‍കാനിരിക്കുന്നവരല്ല കേന്ദ്രത്തിലെ ഭരണാധികാരികള്‍. ഇനിയെങ്കിലും ഇത് പിണറായി സര്‍ക്കാര്‍ മനസ്സിലാക്കണം. ജനങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത് അഴിമതി നടത്താനും പാര്‍ട്ടി വളര്‍ത്താനുമാണെന്ന് കരുതുന്ന പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ രാഷ്‌ട്രീയത്തെ നിര്‍മല സീതാരാമന്‍ ചെയ്തതുപോലെ കൂടുതല്‍ തുറന്നുകാട്ടേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: