കൊല്ലം: ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടു പോയ അഭിഗേല്‍ സാറയെ വിട്ടു നല്കാന് മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍കാള്‍. അഞ്ച് ലക്ഷം രൂപ നല്കിയാല് കുട്ടിയെ വിട്ടു നല്‍കാമെന്നാണ് ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞത്.
കുട്ടിയെ കാണാതായി മൂന്ന് മണിക്കൂറിന് ശേഷമാണ് രാത്രി 7.45 ഓടെ ഫോണ്‍ സന്ദേശം കുട്ടിയുടെ അമ്മയുടെ ഫോണിലേക്കെത്തിയത്.ഒരു സ്ത്രീയാണ് ഫോണില്‍ സംസാരിച്ചതെന്ന് കുട്ടിയുടെ അമ്മയുടെ ഫോണെടുത്ത ബന്ധുവായ സ്ത്രീ പറഞ്ഞു.അജ്ഞാത നമ്പറില്‍ നിന്നാണ് ഫോണ്‍ സന്ദേശം വന്നത്.
വൈകിട്ട് 4.20 ഓടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വീടിന് സമീപം വച്ചാണ് സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന കുട്ടിയെ വെളള സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ എത്തിയ ഒരു സ്ത്രീയുള്‍പ്പെടെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയതെന്ന് അഭിഗേല്‍ സാറയ്ക്കൊപ്പമുണ്ടായിരുന്ന സഹോദരന് പറഞ്ഞു.
സഹോദരനെയും ബലമായി കാറില്‍ കയറ്റാന്‍ ശ്രമം ഉണ്ടായെങ്കിലും കുട്ടി വഴുതി മാറി രക്ഷപ്പെട്ടു. പൊലീസ് വിവിധ റോഡുകളില്‍ വാഹന പരിശോധന നടത്തുന്നുണ്ട്.
കുട്ടിയുടെ വീട്ടില്‍ ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെ തടിച്ചു കൂടിയിട്ടുണ്ട്.
കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ച് അന്വേഷണം നടത്തിയെങ്കിലും നമ്പര്‍ വ്യാജമാണെന്ന് വ്യക്തമായി. ഈ കാര്‍ ഏതാനും ദിവസങ്ങളായി പ്രദേശത്ത് സഞ്ചരിക്കുന്നുണ്ടായിരുന്നുവെന്ന വിവരവുമുണ്ട്. മോചനദ്രവ്യം ആവശ്യപ്പെട്ടുളള ഫോണ്‍ സന്ദേശം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: