Categories: Kerala

നടി ഫിലോമിനയുടെ ജീവിത പങ്കാളി ഗാന്ധി ഭവനില്‍ അഭയം തേടി

നടി ഫിലോമിനയുടെ ജീവിത പങ്കാളിയായ സണ്ണി ഒടുവില്‍ ആരോരുമില്ലാതെ വന്നപ്പോള്‍ പത്തനാപുരം ഗാന്ധി ഭവനില്‍ അഭയം തേടി. ഇനി ഇവിടുത്തെ 1300ഓളം അംഗങ്ങളോടൊപ്പം ശിഷ്ടകാലം ചെലവഴിക്കും.

Published by

തിരുവനന്തപുരം: നടി ഫിലോമിനയുടെ ജീവിത പങ്കാളിയായ സണ്ണി ഒടുവില്‍ ആരോരുമില്ലാതെ വന്നപ്പോള്‍ പത്തനാപുരം ഗാന്ധി ഭവനില്‍ അഭയം തേടി. ഇനി ഇവിടെ നടന്‍ ടി.പി. മാധവന്‍ ഉള്‍പ്പെടെയുള്ള 1300ഓളം അംഗങ്ങളോടൊപ്പം ശിഷ്ടകാലം ചെലവഴിക്കും.

നടന്‍ പ്രേംനസീറിനൊപ്പം നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന വ്യക്തിയാണ് സണ്ണി. വിവാഹിതനാണെന്ന് സമ്മതിക്കില്ലെങ്കിലും മരണം വരെ നടി ഫിലോമിനയ്‌ക്കൊപ്പം സണ്ണി ജീവിച്ചിരുന്നു. ഫിലോമിനയുമായുള്ള ബന്ധത്തിലുണ്ടായ മകന്റെ വിവാഹം നടത്തിക്കൊടുത്തതും സണ്ണി തന്നെ. പക്ഷെ നടി ഫിലോമിനയുടെ മരണത്തോടെ സണ്ണി ഒറ്റപ്പെട്ടു.

പ്രേംനസീറിന്റെ പഴയ സിനിമകളുടെ സംപ്രേഷണാവകാശം മലയാളം ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കുമ്പോള്‍ കിട്ടുന്ന വരുമാനമായിരുന്നു സമ്പാദ്യം. പ്രേനസീര്‍ പണ്ടൊരിക്കല്‍ വാങ്ങി നല്‍കിയ ചെറിയൊരു വീടും പറമ്പും കൈവശമുണ്ടായിരുന്നെങ്കിലും അത് അനുജത്തിയുടെ കൈയിലാണ്. അനുജത്തിയുടെ കൂടെ താമസിക്കുമ്പോഴെല്ലാം ഒരാഴ്ച കഴിയുമ്പോഴേക്കും എന്നാണ് ചേട്ടന്‍ മടങ്ങിപ്പോകുന്നത് എന്ന് അനുജത്തി ചോദിക്കുമത്രെ. അതോടെ അവിടെയും നില്‍ക്കുന്നതില്‍ മനസ്സിന് സമാധാനമില്ലാതായി. ഒരിയ്‌ക്കലും അനുജത്തിയോട് തനിക്ക് ആ വീട്ടിലുള്ള അവകാശം ചോദിക്കാനും സണ്ണി ശ്രമിച്ചതുമില്ല. മരിയ്‌ക്കുമ്പോള്‍ നടി ഫിലോമിന തന്റെ സ്വത്തിന്റെ ഒരു ഭാഗം സണ്ണിക്ക് നല്‍കണമെന്ന് എഴുതിവെച്ചെങ്കിലും ഇതുവരെ മകന്‍ ഒന്നും നല്‍കിയതുമില്ല.

ഇപ്പോള്‍ ഒടുവില്‍ തികച്ചും ഒറ്റപ്പെടുകയും ശാരീരിക അവശതകള്‍ കുറെശ്ശേ വേട്ടയാടാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ സുഹൃത്തും തിരക്കഥാകൃത്തുമായ ചന്ദ്രമോഹനാണ് പത്തനാപുരം ഗാന്ധിഭവനെക്കുറിച്ച് പറഞ്ഞത്. അതോടെ അദ്ദേഹം ഗാന്ധിഭവനില്‍ അഭയം തേടാന്‍ തീരുമാനിച്ചു. അവിടെ നടന്‍ ടി.പി. മാധവന്‍ ഉള്‍പ്പെടെ 1300 ഓളം അന്തേവാസികളുണ്ട്. .

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക