ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം തിങ്കളാഴ്ച. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 9 ന് വിളിച്ചുചൊല്ലി പ്രാര്‍ഥനയും തുടര്‍ന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും മുഖ്യ കാര്യദര്ശിരാധാകൃഷ്ണന് നമ്പൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പ്രോജോലിപ്പിച്ചു പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
ക്ഷേത്ര മുഖ്യകാര്യദര്‍ശി ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ മേല്‍ശാന്തി അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖര്‍ പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി അദ്ധ്യക്ഷനാകും.
11 ന് 500 ലധികം വേദപണ്ഡിതന്മാരുടെ മുഖ്യ കാര്‍മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് 5 ന് എംഎല്‍എ തോമസ് കെ. തോമസിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന് ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ഭദ്രദീപം തെളിയിക്കും.
മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പ്രോജ്വലിപ്പിക്കും. വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ ആയിരത്തിലധികം ക്ഷേത്ര വോളന്റിയര്‍മാര്‍ നിര്‍ദേശങ്ങളുമായി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്ലാസ്റ്റിക്ക് പൂര്‍ണമായി നിരോധിച്ചും ഹരിത ചട്ടങ്ങള്‍ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: