ഗോവിന്ദന്‍ മാഷിന് കുട്ടികളെ ക്ലാസിലിരുത്തി പഠിപ്പിച്ച് ശീലമില്ല. അത് മാഷിന്റെ കുറ്റമല്ല. ഗോവിന്ദന്‍ മാഷ് ഭാഷാ അധ്യാപകനോ സയന്‍സ് അധ്യാപകനോ ചരിത്ര അധ്യാപകനോ അല്ലല്ലോ? ഡ്രില്ല് മാഷല്ലെ. ഡ്രില്ല് മാഷ് എപ്പോഴും കുട്ടികളെ കാണുന്നത് പെരുവെയിലിലാണ്. അല്ലെങ്കില്‍ ഗ്രൗണ്ടില്‍. കളിക്കളത്തില്‍ മാത്രം കുട്ടികളെ കാണുന്ന മാഷ്, കൗതുക വസ്തുക്കളും കോപ്രായങ്ങളും കാണുമ്പോള്‍ ‘ടാറ്റാ’ പറയാന്‍ പുറത്തിറങ്ങുന്നത് തെറ്റാകുമോ? അതാണ് മാഷ് യാതൊരു നാണക്കേടും മാനക്കേടും തെല്ലും ഉളുപ്പുമില്ലാതെ തന്നെ പറഞ്ഞത്, മുഖ്യമന്ത്രി പോകുമ്പോള്‍ ടാറ്റാ പറയുന്നതില്‍ എന്താണ് തെറ്റെന്ന്.
യൂത്ത് കോണ്‍ഗ്രസുകാരെപോലെ മുഖ്യമന്ത്രിയുടെ ബസിന് മുന്നില്‍ കരിങ്കൊടിയുമായല്ലല്ലൊ കുട്ടികള്‍ പോയത്. അതെന്താ ഹൈക്കോടതിക്കും ബാലാവകാശ കമ്മീഷനും തിരിച്ചറിയാത്തതെന്ന ഡ്രില്ല് മാഷിന്റെ ചോദ്യം പ്രസക്തം തന്നെയല്ലെ? ലോകത്ത് തന്നെ ആദ്യ സംഭവമാണിതെന്ന് വിശദീകരിക്കുന്നമാഷ്, സ്‌കൂള്‍ സമയത്ത് കുട്ടികളെ മറ്റുപരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതൊക്കെ മറന്നോ. പക്ഷേ അങ്ങിനെയാണോ ഇതിനെ കാണേണ്ടത്. കാഴ്ച ബംഗ്ലാവില്‍ കയറ്റുംമുമ്പ് ഈ ബസിനെ കൗതുകപൂര്‍വം കാണാന്‍ കിട്ടിയ സമയമല്ലെ? അത് പാഴാക്കണോ? കോണ്‍ഗ്രസിന്റെ ബഹിഷ്‌കരണാഹ്വാനം ഏശിയില്ല. അതുകൊണ്ടുതന്നെ നവകേരള സദസിനെ അട്ടിമറിക്കാനാണവര്‍ ശ്രമിക്കുന്നത്. യുഡിഎഫിനെ ആകെ പറഞ്ഞ് അലുക്കുലുത്താക്കാനൊന്നും മാഷില്ല. യുഡിഎഫില്‍ ലീഗുണ്ടല്ലൊ എന്നൊരാശ്വാസത്തിലാണദ്ദേഹം. നവകേരളസദസില്‍ രാഷ്‌ട്രീയം പറയാം. ജനസമ്പര്‍ക്കപരിപാടിയും നവകേരള സദസ്സും തമ്മിലൊരു ബന്ധവുമില്ല. അന്നത്തെ മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് നടത്തിയതാണ് ജനസമ്പര്‍ക്കപരിപാടി. ചില ആളുകള്‍ക്ക് ആനുകൂല്യം കൊടുത്തു. അതിന്റെ ആറിരട്ടിയാണ് ഇപ്പോള്‍ കൊടുക്കുന്നതെന്നും മാഷ് പറയുന്നു.
ഇതൊന്നുമെന്തേ ഹൈക്കോടതിക്കറിയുന്നില്ല? നവകേരള യാത്രയ്‌ക്ക് കുട്ടികളെയും സ്‌കൂള്‍ ബസുകളേയും അയക്കരുതെന്നാണ് ഹൈക്കോടതി പറയുന്നത്. പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്ത കോപ്രായങ്ങള്‍ക്ക് എന്തിനാണ് കുട്ടികളെന്ന കോടതിയുടെ ചോദ്യം ഗോവിന്ദന്‍ മാഷിന് മനസ്സിലാകുമോ? അല്ലെങ്കിലും കോടതികളെല്ലാം ബൂര്‍ഷ്വാ കോടതികളാണെന്ന വിലയിരുത്തലല്ലെ ശരി. തലശ്ശേരിയില്‍ കുട്ടികളെ അയക്കണമെന്ന് സ്പീക്കര്‍ തന്നെയല്ലെ നിര്‍ദ്ദേശിച്ചത്. കുട്ടികളെ അയക്കണമെന്ന ഉത്തരവ് പിന്‍വലിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിക്കുകയും ചെയ്തു.
വിദ്യാര്‍ഥികളെ ഒരു മണിക്കൂറോളം പൊരിവെയിലില്‍ നിര്‍ത്തിയ സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്റെയും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെയും ഇടപെടലാണുണ്ടായത്. ദേശീയ കമ്മിഷന്‍ സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്തു. മാധ്യമവാര്‍ത്തകളുടെയും സമൂഹമാധ്യമങ്ങളില്‍ ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിലാണു നടപടി. എല്‍പി സ്‌കൂള്‍ കുട്ടികളെ പൊരിവെയിലത്തു നിര്‍ത്തുന്നതും മുദ്രാവാക്യം വിളിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടെന്നു കേരള ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനയച്ച കത്തില്‍ പറയുന്നു. 5 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. മറുപടി നല്‍കിയാല്‍ മതിയല്ലൊ. നേരത്തെ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞപ്പോള്‍ നവകേരള സദസ്സുണ്ട്, ഹാജരാകാന്‍ ബുദ്ധിമുണ്ടെന്നാണറിയിച്ചത്. അള് സാധാരണക്കാരനല്ലല്ലൊ. ചീഫ് സെക്രട്ടറിയല്ലെ? തറവാട്ടില്‍ കാരണവര്‍ക്ക് അടുപ്പിലുമാകാമെന്നുണ്ടല്ലോ.
ഇവരുടെ വിശദീകരണം ലഭിച്ചശേഷം തുടര്‍നടപടിയെടുക്കുമെന്ന് അധ്യക്ഷന്‍ കെ.വി.മനോജ് കുമാര്‍ പറഞ്ഞു. നവകേരള സദസ്സിന് അച്ചടക്കമുള്ള വിദ്യാര്‍ഥികളെ എത്തിക്കണമെന്നു മലപ്പുറം തിരൂരങ്ങാടി ഡിഇഒ ഉത്തരവിട്ട സംഭവത്തിലും കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ഡിഡിഇ, തിരൂരങ്ങാടി ഡിഇഒ എന്നിവരില്‍നിന്നു കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.
ദേശീയ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ പ്രിയാങ്ക് കനുംഗോയുടെ കത്തില്‍ പറയുന്നത്: നവകേരള സദസ്സ് നടക്കുന്ന സ്ഥലങ്ങളിലെല്ലാം കുട്ടികളെ അണിനിരത്തുന്നതായും ചടങ്ങു നടക്കുന്ന സ്ഥലത്ത് ഒഴിവുള്ള കസേരകളില്‍ കുട്ടികളെ ഇരുത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രാഷ്‌ട്രീയപ്രചാരണത്തിനു കുട്ടികളെ പങ്കെടുപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്നു. ഇതു കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു. കണ്ണൂരിലെ ചമ്പാട് എല്‍പിഎസ്, ചോതാവൂര്‍ ഹൈസ്‌കൂള്‍, ചമ്പാട് വെസ്റ്റ് യുപിഎസ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളെയാണു തലശ്ശേരിയില്‍നിന്നു കൂത്തുപറമ്പിലേക്കുള്ള റോഡരികില്‍ സ്‌കൂള്‍ അധികൃതര്‍ ഒരു മണിക്കൂറോളം നിര്‍ത്തിയത്. സ്‌കൂള്‍ സമയത്തു മറ്റു കാര്യങ്ങള്‍ക്കു കുട്ടികളെ ഉപയോഗിക്കരുതെന്നു സര്‍ക്കാരിന്റെയും കോടതിയുടെയും നിര്‍ദേശമുണ്ട്.
വിദ്യാര്‍ത്ഥികളെ നിര്‍ത്തിയത് വെയിലത്തല്ല, തണലത്താണെന്ന് മുഖ്യമന്ത്രി കണ്ടുപിടിച്ചിരിക്കുന്നു. പ്രതിഷേധക്കാരെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചത് അവരെ രക്ഷിക്കാനാണെന്ന് പറഞ്ഞതിന്റെ തുടര്‍ച്ചയാണിതും. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. നവകേരള സദസ്സില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കുകയുണ്ടായി. ഒരു സ്‌കൂളില്‍നിന്ന് 200 കുട്ടികളെയെങ്കിലും പങ്കെടുപ്പിക്കാന്‍ മലപ്പുറത്ത് ഡിഇഒ വിളിച്ച യോഗത്തില്‍ പ്രധാനാധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയുണ്ടായി. തീരുമാനത്തിനെതിരെ പ്രധാനാധ്യാപകര്‍ അതൃപ്തി അറിയിച്ചെങ്കിലും മുകളില്‍നിന്നുള്ള നിര്‍ദ്ദേശമാണിതെന്നായിരുന്നുവത്രേ ഡിഇഒയുടെ മറുപടി.
ഏഴ് വര്‍ഷം അധികാരത്തിലിരുന്നുകൊണ്ട് നടത്തിയ കൊള്ളയുടെയും ജനദ്രോഹത്തിന്റെയും ചര്‍ച്ചകളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. ജനങ്ങളില്‍നിന്ന് അപേക്ഷ സ്വീകരിച്ച് ഇപ്പോള്‍ പരിഹരിക്കുമെന്നു പറയുന്ന പ്രശ്‌നങ്ങള്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലം മുതല്‍ നിലനില്‍ക്കുന്നതാണ്. ഇത്രകാലവും അതൊന്നും പരിഹരിക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും എന്തെടുക്കുകയായിരുന്നു എന്ന ചോദ്യത്തിന് മറുപടി ലഭിക്കേണ്ടതുണ്ട്. പരാതികള്‍ മന്ത്രിമാരല്ല, ഉദ്യോഗസ്ഥരാണ് സ്വീകരിക്കുന്നത്. അമര്‍ഷം ഉള്ളില്‍ കൊണ്ടുനടക്കുന്ന ജനങ്ങള്‍ മന്ത്രിമാരെ കയ്യില്‍കിട്ടിയാല്‍ എന്തെങ്കിലും കടുംകൈ ചെയ്തുകളയുമെന്ന പേടിയാണ് ഇതിനുകാരണം.
മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര ബസില്‍ ഇരിക്കുമ്പോള്‍ കളര്‍മാറ്റിയ മറ്റൊരു ബസ് കൂടെയുണ്ട്. ഉദ്യോഗസ്ഥരുടെ വണ്ടിയും ഒപ്പം. ഏതാണ്ട് നൂറോളം വാഹനങ്ങള്‍. ആഡംബരമൊന്നും ബസ്സിലില്ലെന്ന് പറയുന്നു. ചെലവ് വെറും ഒരുകോടി അഞ്ചുലക്ഷം. എന്തിനാണിത്രയെന്നൊന്നും ചോദിക്കരുത്. എന്നിട്ടും വയനാട്ടില്‍ ബസിനെ കെട്ടിവലിച്ച് കേറ്റേണ്ടിവന്നിരിക്കുന്നു. ഈ ബസ് സര്‍ക്കാറിനേയും കൊണ്ടേ പോകു എന്നതാണവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: