പത്തനംതിട്ട: ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ അഖില കേരള അയ്യപ്പ ഭക്തസമ്മേളനവും ഗുരുസ്വാമിമാരെ ആദരിക്കലും നാളെ ആറന്മുള നീര്‍വിളാകം അയ്യപ്പ ക്ഷേത്രത്തില്‍ നടക്കുമെന്ന് ഭാവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല തീര്‍ത്ഥാടകരെ എല്ലാരംഗത്തും സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണ്. പമ്പ റൂട്ട് സര്‍ക്കാര്‍ കുത്തകയാക്കി ഭക്തരില്‍ നിന്നും 35 ശതമാനം അധികം ചാര്‍ജ്ജ് ഈടാക്കുന്നു. അയ്യപ്പന്മാര് അനുഭവിക്കുന്ന ദുരിതങ്ങള്‍ ചര്‍ച്ച ചെയ്ത് അയ്യപ്പ സേവാ സമാജത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അധിക്യതര്‍ക്ക് സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
നാളെ രാവിലെ മഹാഗണപതി ഹോമത്തോടെ സമ്മേളനം ആരംഭിക്കും. 10ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ്മ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഈറോഡ് എന്‍. രാജന് മുഖ്യ പ്രഭാഷണം നടത്തും.
സ്വാമി അയ്യപ്പദാസ്, മാതാജി ദേവി സംഗമേശാനന്ദ സരസ്വതി, മാതാ കൃഷ്മാനന്ദ പൂര്‍ണിമാമയി, സ്വാമി സത്സ്വരൂപാനന്ദ, എം,കെ.അരവിന്ദാക്ഷന്, ലാല്‍പ്രസാദ് ഭട്ടതിരിപ്പാട്, മുരളി കോളങ്ങാട്ട്, വി.കെ.വിശ്വനാഥന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട്, സംസ്ഥാന സെക്രട്ടറി എസ്. നാരയണന്, ആഘോഷ സമിതി ഭാരവാഹികളായ പി.ഡി.പത്മകുമാര്‍, പി.കെ.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: