ന്യൂദല്‍ഹി: 2014ല്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 9.5 വര്‍ഷം കൊണ്ട് റെയില്‍വേയില്‍ 40,000 കിലോമീറ്റര്‍ വരുന്ന ട്രാക്കുകള്‍ വൈദ്യുതീകരണം നടത്തിതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യന്‍ റെയില്‍വേ പേഴ്സണല്‍ സര്‍വീസ് (ഐആര്‍പിഎസ്) കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന്, നമ്മുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിച്ച് കൂടുതല്‍ ഗതാഗതം നടത്തേണ്ടതുണ്ട്. മുഴുവന്‍ റെയില്‍വേയും വൈദ്യുതീകരിച്ചതിന് ശേഷമാണ് ഇത് സാധ്യമായത്. 2014ല്‍ തന്നെ മോദി സര്‍ക്കാര്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു.
അതോടെ 9.5 വര്‍ഷത്തിനിടെ 40,000 കിലോമീറ്റര്‍ വൈദ്യുതീകരണം സാധ്യമായി. നമ്മുടെ രാജ്യത്ത് വൈദ്യുതി ഉണ്ടാക്കി റെയില്‍വേയില്‍ ഉപയോഗിക്കുമ്പോള്‍, അത് എണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കുന്നു. നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ചിന്തയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. അതിനാല്‍, രാജ്യം കൂടുതല്‍ ഗതാഗതം റെയില്‍വേയിലേക്ക് മാറ്റേണ്ടതിന്റെ ആവശ്യകതയുണ്ട്.
അതിനായി, മികച്ച അറ്റകുറ്റപ്പണികള്‍, മികച്ച വിശ്വാസ്യത, മികച്ച വേഗത, മികച്ച സുരക്ഷ എന്നിവ കൊണ്ടുവരിക എന്നത് നമ്മുടെ എല്ലാവരുടെയും സംയുക്ത ഉത്തരവാദിത്തമാണ്. അതിനാല്‍, നിങ്ങള്‍ എല്ലാവരും ഇതില്‍ പൂര്‍ണ്ണമായി സംഭാവന ചെയ്യണമെന്ന് അദ്ദേഹം റെയില്‍വേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എല്ലാ വര്‍ഷവും 5,000 കിലോമീറ്റര്‍ പാത സര്‍ക്കാര്‍ നിര്‍മിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: