തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ വ്യാജ തിരിച്ചറിയിൽ കാർഡ് നിർമ്മാണത്തിൽ പിണറായി സർക്കാർ ഒത്ത് തീർപ്പിന്റെ വഴിയാണ് സ്വീകരിക്കുന്നതെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. ഇത്രയും ഗുരുതരമായ രാജ്യദ്രോഹക്കുറ്റം അരങ്ങേറിയിട്ടും കേരളത്തിലെ സി.പി.എം നിയന്ത്രിക്കുന്ന അന്വേഷണ സംവിധാനം ഈ കേസ് അന്വേഷണം അട്ടിമറിയ്‌ക്കാൻ നടത്തുന്ന ശ്രമങ്ങളാണ് കഴിഞ്ഞ ദിവസം കോടതിയിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ഭാരവാഹികൾ തന്നെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കാര്യം മാധ്യമങ്ങളിലൂടെ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ഇതിലൊന്നും അന്വേഷണമില്ല. വ്യാജ തെരഞ്ഞെടുപ്പ് ഐ.ഡി കാർഡ് നിർമ്മിക്കാൻ ഉപയോഗിച്ച മൊബൈൽ ആപ്പിന്റെ വിവരങ്ങൾ ശേഖരിക്കാൻ പോലും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും പ്രഫുൽ കൃഷ്ണ കൂട്ടിച്ചേർത്തു. ഈ രാജ്യദ്രോഹക്കേസ് ഒത്ത് തീർപ്പാക്കാനാണോ യുവ കോൺഗ്രസ് എം.എൽ.എ പിണറായി മന്ത്രിസഭയിലെ യുവമന്ത്രിയെ കണ്ടതെന്നും അദ്ദേഹം ചോദിച്ചു.
വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണത്തിലെ മുഴുവൻ കുറ്റവാളികളേയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാവശ്ശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടേറിയേറ്റ് ഗേറ്റിന് മുന്നിൽ ബാരിക്കേഡ് തീർത്ത് പോലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇതിൽ പ്രതീഷ്, സഞ്ജു, അനന്തു എന്നിവർക്ക് പരിക്കേറ്റു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ സജിത്ത്, ബിജെപി ജില്ല വൈസ് പ്രസിഡന്റ് അഡ്വ. ആർ. എസ് രാജീവ്, ശിവശങ്കരൻ നായർ, യുവമോർച്ച നേതാക്കളായ ബി.എൽ അജേഷ് , പൂവച്ചൽ അജി, രാമേശ്വരം ഹരി, ശ്രീലാൽ, കൈപ്പള്ളി വിഷ്ണുനാരായണൻ തുടങ്ങിയവർ മാർച്ച് നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: