ന്യൂദല്‍ഹി: വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് കോണ്‍ഗ്രസിനോട് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം തേടി. കോണ്‍ഗ്രസ് രാജസ്ഥാന് സംസ്ഥാന കമ്മിറ്റി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച രണ്ട് പരസ്യങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം തേടിയത്. ബിജെപിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസ്രയോടാണ് വിശദീകരണം തേടിയത്. ഈ പരസ്യങ്ങള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് തരംഗം എന്ന തലക്കെട്ടില്‍ പത്രങ്ങളുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച പരസ്യവുമായി ബന്ധപ്പെട്ടതാണ് ആദ്യ നോട്ടീസ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ മിസ്ഡ് കോളുകള്‍ നല്കാന് വോട്ടര്‍മാരോട് ആവശ്യപ്പെടുന്നതാണ് രണ്ടാമത്തെ പരസ്യം. പത്രങ്ങള്‍ക്കുപുറമെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും ഈ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് തരംഗം എന്ന തലക്കെട്ടില്‍, വാര്‍ത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ദേശീയ, പ്രാദേശിക പത്രങ്ങളുടെ ഒന്നാംപേജില്‍ പരസ്യം പ്രസിദ്ധീകരിച്ചത്. നവംബര്‍ 16 മുതലാണ് ഈ പരസ്യം പ്രസിദ്ധീകരിച്ചത്. ഈ പരസ്യം ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വാര്‍ത്തയെന്ന് തെറ്റിദ്ധരിപ്പിച്ച് ശുദ്ധരാഷ്ട്രീയ പ്രചാരണത്തിന് വിശ്വാസ്യത നല്‍കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണ് പരസ്യങ്ങളെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇത്തരം പരസ്യങ്ങള്‍ നല്കുന്ന കോണ്‍ഗ്രസിനെതിരെയും പരസ്യം നല്കിയ പത്രങ്ങള്‍ക്കെതിരെയും നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന പരസ്യങ്ങള്‍ ഒരു ദേശീയ പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. വോട്ടര്‍മാരെ വഴിതെറ്റിക്കുക എന്ന ലക്ഷ്യത്തോടെ ഒരു വാര്‍ത്താ ഇനം പോലെയാണ് പരസ്യം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തെറ്റിദ്ധരിപ്പിക്കുന്നത് മാത്രമല്ല, തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വോട്ടര്‍മാരുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും ബിജെപി നല്കിയ പരാതിയില്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: