ബംഗളുരു : വിജയ് ഹസാരെ ട്രോഫിയില്‍ കേരളം വിജയത്തോടെ തുടങ്ങി. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ മൂന്ന് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്രയെ 188 റണ്‍സിന് പുറത്താക്കിയ കേരളം 48ാം ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. കേരളത്തിന് വേണ്ടി അബ്ദുല്‍ ബാസിത്ത് 60 റണ്‍സ് നേടി. ബൗളിംഗില്‍ തന്റെ കന്നി മത്സരത്തിനിറങ്ങിയ അഖിന് സത്താര്‍ നാല് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ് സൗരാഷ്ട്രയെ ബാറ്റിംഗിനയച്ചു. സൗരാഷ്ട്രയുടെ എട്ട് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. കേരളത്തിന്റെ ശക്തമായ ആക്രമണത്തില്‍ സൗരാഷ്ട്ര ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 65 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍. എട്ടാം വിക്കറ്റില്‍ വിശ്വരാജ് ജഡേജയും ക്യാപ്റ്റന്‍ ജയ്ദേവ് ഉനദ്കട്ടും ചേര്ന്ന്വിലപ്പെട്ട 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഉനദ്കട്ട് 37 റണ്‍സെടുത്തു.വാലറ്റത്തെ കൂട്ടുപിടിച്ച് മികച്ച ബാറ്റിംഗ് കാഴ്ച വച്ച വിശ്വരാജ് ജഡേജ സൗരാഷ്ട്രയെ 200നരികെ എത്തിച്ചു. 50ാം ഓവറിലെ ആദ്യ പന്തില്‍ 98 റണ്‍സെടുത്ത താരം പുറത്തായി.
ബേസില്‍ തമ്പി, ശ്രേയാസ് ഗോപാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അഖില്‍ സ്കറിയയും എന്‍ പി ബേസിലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ കേരളത്തിന്റെ തുടക്കം മോശമായിരുന്നു. വിഷ്ണു വിനോദും രോഹന് കുന്നുമ്മലും നാല് വീതം റണ്‍സ് നേടി പുറത്തായി. തുടര്‍ന്ന് സഞ്ജു സാംസണും സച്ചിന് ബേബിയും ചേര്‍ന്ന് കേരളത്തെ 52 റണ്‍സ് വരെ എത്തിച്ചപ്പോള്‍ 16 റണ്‍സ് നേടിയ സച്ചിന് ബേബി പുറത്തായി. വൈകാതെ സഞ്ജു സാംസണും 30 പുറത്തായി.ഈ ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എന്ന നിലയില്‍ പതറിയ കേരളത്തെ അഞ്ചാം വിക്കറ്റില്‍ അബ്ദുല്‍ ബാസിത്തും അഖില്‍ സ്കറിയയും ചേര്‍ന്നാണ് കരകയറ്റിയത്. ബാസിത്ത് പുറത്തായതിന് പിന്നാലെ 28 റണ്‍സ് നേടിയ അഖില്‍ സ്കറിയയും മടങ്ങി.സിജോമോന്‍ ജോസഫ് 6 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് എട്ടാം വിക്കറ്റില്‍ ശ്രേയാസ് ഗോപാലും 21 നോട്ടൗട്ട്, ബേസില്‍ തമ്പിയും 8 നോട്ടൗട്ട് ചേര്‍ന്ന് കേരളത്തെ വിജയത്തിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: