ന്യൂദല്‍ഹി : ഡീപ്പ് ഫേക്കുകള്‍ ജനാധിപത്യത്തിന് കടുത്ത ഭീഷണിയാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഡീപ്പ് ഫേക്കുകള്‍ക്കെതിരെ കേന്ദ്രം നടപടി സ്വീകരിക്കും. ഇവയ്ക്കെതിരെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും കേന്ദ്രന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വിവിധ സമൂഹ മാധ്യമ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡീപ്പ് ഫേക്കുകള്‍, കണ്ടെത്തുക, തടയുക, ഇതിനെതിരെ പരാതി നല്‍കുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുക, ഉപഭോക്താക്കള്‍ക്കിടിയില്‍ ബോധവല്കരണം നടത്തുക തുടങ്ങിയ മേഖലകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഇത് തടയാന്‍ സാധിക്കൂ. സമൂഹ മാധ്യമ പ്രതിനിധികളോട് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. നിയന്ത്രണം ആവശ്യമുണ്ടെന്ന് കമ്പനികള്‍ സമ്മതിച്ചതായി മന്ത്രി പറഞ്ഞു.
പുതിയ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള ജോലികള്‍ ഇന്ന് തന്നെ ആരംഭിക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അവ തയ്യാറാവുമെന്നും അദ്ദേഹം പറഞ്ഞു. അത് ചിലപ്പോള്‍ നിലവിലുള്ള ചട്ടക്കൂടുകള്‍ ഭേദഗതി ചെയ്യുകയോ പുതിയ നിയമങ്ങള്‍ കൊണ്ടുവരികയോ ചെയ്യുന്നതാകാം. ഡിസംബര്‍ ആദ്യ വാരം വീണ്ടും സമൂഹ മാധ്യമ പ്രതിനിധികളുമായി യോഗം ചേരുന്നുണ്ട്. ഇന്നെടുത്ത തീരുമാനങ്ങളുടെ തുടര്‍നടപടികള്‍ക്ക് വേണ്ടിയാണത്. കരട് റെഗുലേഷനില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണമെന്ന് അപ്പോള്‍ തീരുമാനിക്കും. സര്‍ക്കാരും വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളുമായിരിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍മിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഉപയോഗിച്ച് ആരെയെങ്കിലും ബോധ്യപ്പെടുത്തുന്ന തരത്തില്‍ തെറ്റായി പ്രതിനിധീകരിക്കുന്നതിനോ ആള്‍മാറാട്ടം നടത്തുന്നതിനോ ആള്‍മാറാട്ടം നടത്തുകയോ, ചിത്രങ്ങള്‍ ഉപയോഗിച്ച് ഡിജിറ്റലായി ക്രിത്രിമം കാണിക്കുകയോ ചെയ്യുന്നതാണ് ഡീപ് ഫേക്ക്. അടുത്തിടെ രാജ്യത്തെ പ്രമുഖരുടെ ചിത്രങ്ങളും വീഡിയോകളും പുറത്തിറങ്ങിയത് വൈറലായിരുന്നു. ഇത്തരത്തില്‍ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതോടെയാണ് കേന്ദ്രം നടപടിക്കൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: