ഇംഫാല്‍: അയല്‍രാജ്യമായ മ്യാന്മാറില് സൈനിക ഭരണകൂടവും ജനാധിപത്യ അനുകൂല സംഘങ്ങളും തമ്മിലുളള സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് എത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നു.സ്ത്രീകളും കുട്ടികളുമടക്കം 32,000ത്തോളം പേര് ഇതിനകം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്.
മണിപൂര്‍, മിസോറം സംസ്ഥാനങ്ങളിലാണ് അഭയാര്‍ത്ഥികള്‍ കൂടുതലായി എത്തുന്നത്. അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാമ്പുകളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമാണ് താമസിക്കുന്നത്. മറ്റ് പലരെയും അവരുടെ ഇവിടെയുളള ബന്ധുക്കള്‍ ഒപ്പം താമസിപ്പിക്കുന്നുണ്ട്. വാടക വീടുകളില്‍ താമസിക്കുന്ന അഭയാര്‍ത്ഥികളുമുണ്ട്.
വംശീയമായി സമാനതകളുളളവരാണെന്നതിനാല്‍ നാട്ടുകാരില്‍ നിന്ന് അഭയാര്‍ത്ഥികളെ വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്. മ്യാന്മര് സൈന്യവും ജനാധിപത്യ അനുകൂലികളും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുമ്പോള്‍ അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം കൂടുമെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചിലര്‍ കുറച്ചുകാലം കഴിയുമ്പോള്‍ തിരികെ പോകുകയും ചിലര്‍ ഇവിടെ തന്നെ തുടരുകയും ചെയ്യും.
അതിര്‍ത്തി കടന്നെത്തുന്നവരെ തിരിച്ചറിയുക, ബയോമെട്രിക് രേഖപ്പെടുത്തുക, ക്യാമ്പുകള്‍ സ്ഥാപിക്കുക, അവര്‍ ഒരു വിമത ഗ്രൂപ്പിന്റെയും ഭാഗമല്ലെന്ന് ഉറപ്പാക്കി രേഖകള്‍ സൂക്ഷിക്കുക എന്നിങ്ങനെ കാര്യങ്ങള്‍ സൈന്യം ഉറപ്പാക്കുന്നുണ്ട്.എന്നാല്‍ മയക്കുമരുന്നുകളുടെയും മറ്റ് നിരോധിത വസ്തുക്കളുടെയും അനധികൃത കടത്തലാണ് ആശങ്ക സൃഷ്ടിക്കുന്നതെന്ന് ലഫ്റ്റനന്റ് ജനറല്‍ കലിത പറഞ്ഞു.
ജനാധിപത്യ അനുകൂലികളില്‍ നിന്ന് രക്ഷതേടി ചിലപ്പോള്‍ മ്യാന്മാര് സൈനികരും അതിര്‍ത്തി കടന്നെത്തുന്നുണ്ട്.എന്നാല്‍ ആയുധങ്ങള്‍ കൈമാറിയ ശേഷമേ അവര്‍ക്ക് അഭയം നല്കാറുളളൂ. കൃത്യമായ തിരിച്ചറിയല്‍ നടത്തിയ ശേഷം അവരെ മോറെ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി മ്യാന്മര് അധികാരികള്‍ക്ക് കൈമാറും.
അടുത്തിടെ ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയില്‍ വേലി കെട്ടുന്ന ജോലികള്‍ ആരംഭിച്ചതായും കരസാന കമാന്‍ഡര്‍ പറഞ്ഞു. ഘട്ടംഘട്ടമായി പണി പുരോഗമിക്കുന്നു, 1600 കിലോമീറ്റര്‍ ദൂരത്തില്‍ വേലി വരും.
മ്യാനമാറിലെ ചിന് സ്റ്റേറ്റിലെ തുബുവലിലെ ക്യാമ്പ് ജനകീയ സായുധ സേന പിടിച്ചെടുത്തതിനെത്തുടര്‍ന്ന് മിസോറാമിലെ ചമ്പായി ജില്ലയിലേക്ക് പലായനം നടത്തിയ 29 മ്യാന്മാര് സൈനികരെ ഈ മാസം 19 ന് തിരിച്ചയച്ചു. ഈ മാസം 13 മുതല്‍ ഇതുവരെ 74 മ്യാന്മര് സൈനികര്‍ മിസോറാമിലെത്തി. ഇവരില്‍ 39 പേരെ മ്യാന്മറിലേക്ക് തിരിച്ചയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: